മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് വ്യാജ വിവാഹലോചന അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ്… യുവാവ് തട്ടിയത് ലക്ഷങ്ങൾ

Advertisement

സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ്‌ റമീസാണ് വയനാട് ജില്ലാ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ചൂരൽമല സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്.
വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ വിവാഹലോചന അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വ്യക്തി വിവരങ്ങൾ കൈവശപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ വഴി ഇടപാടുകാരെ കണ്ടെത്തും. തുടർന്ന് രജിസ്ട്രേഷൻ ഫീസ് വാങ്ങി ഫോട്ടോ അയച്ചു നൽകി കബളപ്പിക്കുകയാണ് രീതി. ഇയാളുടെ സഹായികൾ തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജേന സംസാരിക്കും. 

ചൂരൽമല സ്വദേശിയായ യുവാവ് തന്റെ ബന്ധുവിന്റെ വിവാഹലോചനക്കായി ഇവരുമായി ബന്ധപ്പെട്ടിരുന്നു. 1400 രൂപ നൽകി രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പണം വാങ്ങിയ ശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക്‌ ചെയ്തു. പിന്നീട് മറ്റൊരു നമ്പറിൽ നിന്നും ബന്ധപ്പെട്ടപ്പോൾ മുൻപ് അയച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോ തട്ടിപ്പുകാർ മറ്റൊരു പേരിൽ അയച്ചു നൽകിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 


ഒരു മാസത്തിനുള്ളിൽ തന്നെ തട്ടിപ്പുക്കാരന്റെ അക്കൗണ്ടിലേക്ക് 1400 രൂപ വെച്ചു 300 ഓളം ഇടപാടുകൾ നടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇയാൾക്കെതിരെ നാഷണൽ സൈബർ റിപ്പോർട്ടിങ് പോർട്ടലിൽ (1930) 27 ഓളം പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സൈബർ ക്രൈം ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement