കെഎസ്ഇബി യിൽ ജീവനക്കാരുടെ ക്ഷാമമെന്ന് വിവരാവകാശ രേഖ

Advertisement

തിരുവനന്തപുരം.കെ.എസ്.ഇ.ബി യിൽ ജീവനക്കാരുടെ ക്ഷാമമെന്ന് വിവരാവകാശ രേഖ.2025 ജനുവരിയിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഒഴിഞ്ഞു കിടക്കുന്നത് പത്തായിരത്തോളം തസ്തികകൾ.എംപ്ലോയിമെന്റ് എക്‌സ്ചേ ഞ്ച് വഴി നിയമനം നടത്താനുള്ള നടപടിയും എങ്ങുമെത്തിയില്ല.

കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലം വൈദ്യുതി അപകടങ്ങൾ പതിവാകുമ്പോഴാണ് ബോർഡിൽ ജീവനക്കാർ കുറവെന്ന വിവരവും പുറത്ത് വരുന്നത്. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഇബിയിൽ നിന്ന് ലഭിച്ച മറുപടി പ്രകാരം 9429 പേരുടെ ഒഴിവാണ് ബോർഡിലുള്ളത്. KSEB ഹ്യൂമൻ റിസോഴ്സസ് വിങ് ചീഫ് എൻജിനീയർ 2025 ജനുവരി 24നാണ് ഗോവിന്ദൻ നമ്പൂതിരിക്ക് മറുപടി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബർ 14 വരെയുള്ള കണക്കുപ്രകാരം ബോർഡിനു കീഴിൽ 26,513 സ്ഥിരം ജീവനക്കാരാണുള്ളത്. ആവശ്യമുള്ള ജീവനക്കാരുടെ എണ്ണമാകട്ടെ 36,524.

ഈ വർഷം വിരമിച്ചതടക്കമുള്ള കണക്കുകൾ കൂടി പരിഗണിച്ചാൽ ഒഴിവുകളുടെ എണ്ണം കൂടും. ഇതിനിടയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും നടപടി ആയിട്ടില്ല. ജില്ലാ തലത്തിൽ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കാനുള്ള തീരുമാനമാണ് നടപ്പിലാകാത്തത്. ജീവനക്കാരുടെ കുറവ് സാധാരണക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക വർധിപ്പിക്കുകയാണ് ഈ കണക്കുകൾ.

Advertisement