തിരുവനന്തപുരം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മുണ്ടിനീര് പടരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ഇരുപതിനായിരത്തിലധികം കേസുകളാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ മാസം 117 കേസുകൾ കണ്ടെത്തി.
സംസ്ഥാനത്ത് മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ 475 കേസുകളാണ് കണ്ടെത്തിയത്. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ 3328 കേസുകളും സംസ്ഥാനത്താകെ 22224 കേസുകളും റിപ്പോർട്ട് ചെയ്‌തെന്നും കണക്കുകൾ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെയും വീട്ടിൽ വിശ്രമിക്കുന്നവരുടെയും കണക്കെടുത്താൽ കേസുകൾ ഇനിയും ഉയരും എന്നും സൂചനയുണ്ട്.
മംമ്പ്സ് വൈറസാണ് മുണ്ടിനീരിന് കാരണമാകുന്നത്. പനി, കവിൾ എല്ലുകളിലെ വേദന ഭക്ഷണം കഴിക്കുമ്പോൾ ഉള്ള വേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. സംസാരിക്കുമ്പോഴും തുമ്മൽ ഉണ്ടാകുമ്പോഴും ഒക്കെ വളരെ വേഗത്തിൽ പടരുന്ന രോഗം കൂടിയാണ് മുണ്ടിനീര്. അസുഖം ബാധിച്ച എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് ഏഴു ദിവസം മുൻപ് മുതൽ മുണ്ടിനീര് തുടങ്ങി ഏഴു ദിവസം കഴിയുന്നതുവരെ രോഗ പകർച്ചയുണ്ടാകാം. സ്കൂൾ വിദ്യാർത്ഥികളിലും കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതും എന്നും കണ്ടെത്തൽ ഉണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം മുള്ളറൻകോട് എൽപിഎസിലെ 22 ഓളം കുട്ടികൾക്ക് മുണ്ടിനീര് പിടിപെട്ടിരുന്നു.


































