കൊച്ചി:ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് നടൻ ആസിഫ് അലി. സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന മികച്ചവരെയാണ് ആവശ്യം.അമ്മ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ല. വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാൻ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു.
അതേസമയം അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോർക്കളം ചൂടുപിടിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ പൂർത്തിയായി. സൂക്ഷ്മപരിശോധന പൂർത്തിയാക്കി സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് ഏകദേശം രൂപമാകും.
ഭാരവാഹികൾക്കും അംഗങ്ങൾക്കും എതിരെ തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ കമ്മിറ്റിയും സംഘടനയും ആകെ പ്രതിസന്ധിയിലായി. താരങ്ങൾക്ക് നേരെയും സംഘടനയ്ക്ക് നേരെയും പലഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നു.






































