വിപ്ലവ സൂര്യൻ എരിഞ്ഞടങ്ങി

Advertisement

സ്റ്റീഫൻ

ആലപ്പുഴ:രക്തസാക്ഷികളുടെ നിണം വീണ് ചുവന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ കേരളത്തിൻ്റെ വിപ്ലവ സൂര്യൻ എരിഞ്ഞടങ്ങി.
കോരിച്ചൊരിഞ്ഞ മഴയിലും കെടാത്ത ആവേശവുമായി എത്തിയ പതിനായിരങ്ങൾ പ്രിയ സഖാവിന് അന്തിമമാഭിവാദ്യം അർപ്പിച്ച് ലാൽ സലാം  വിളിച്ചു.
സഖാവ് പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള ധീരരായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ഇന്ന് രാത്രി മറ്റൊരു യുഗാന്ത്യത്തിന് സാക്ഷ്യം വഹിച്ചു. വി എസ് എന്ന രണ്ടക്ഷരം അദ്ദേഹത്തെ സ്നേഹിച്ചവരുടെ മനസ്സിൽ കെടാത്ത അഗ്നിയായി പടരും. കേരളം ഇതുവരെ മറ്റൊരു നേതാവിനും നൽകാത്ത വികാരനിർഭരമായ യാത്രയപ്പായിരുന്നു സഖാവ് വി എസിന് നൽകിയത്. 8.50തോടെയായിരുന്നു വിഎസിൻ്റെ ഭൗതീക ദേഹം ഇവിടെ എത്തിച്ചത്.തുടർന്ന് പാർട്ടി നേതാക്കൾ ചേർന്ന് ചൊങ്കൊടി പുതപ്പിച്ച വി എസിൻ്റെ ഭൗതീക ശരീരം രാമച്ച ചിതയിലേക്ക് മാറ്റി. തുടർന്ന്
പോലീസിൻ്റെ ആദരവ് നൽകി. 9.15 ഓടെ മകൻ വി എ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തിയതോടെ
വി എസിനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.

മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, പാർട്ടി സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ, വി എസിൻ്റെ സഹധർമ്മിണി വസുമതി, കുടുംബാംഗങ്ങൾ, മറ്റ് പാർട്ടി നേതാക്കൾ, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ പ്രമുഖർ അന്തിമ യാത്രയപ്പിൽ സന്നിഹിതരായിരുന്നു.

രണസ്മരണകള്‍ ഇരമ്പുന്ന ആലപ്പുഴ ബീച്ചില്‍ ഒരിക്കല്‍ കൂടി വി എസ് എത്തിയപ്പോൾ അക്ഷരാർഥത്തില്‍ മനുഷ്യത്തിര അലതല്ലുകയായിരുന്നു.
കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് പേര്‍ ജനനായകനെ ഒരുനോക്കു കാണാന്‍ കോരിച്ചൊരിയുന്ന മഴയത്തും വളരേ നേരത്തേ തന്നെ ഇവിടെ നിലയുറപ്പിച്ചിരുന്നു. വിപ്ലവ നായകനെ സ്നേഹിക്കുന്ന ജനലക്ഷങ്ങളുടെ പരിച്ഛേദം തന്നെയായി അവിടം. വൈകിട്ട് ആറോടെയാണ് വി എസിന്റെ മൃതദേഹം ബീച്ച്‌ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആബാലവൃദ്ധം ജനങ്ങളും അവിടെ എത്തിയിരുന്നു.

കേരളത്തിന്റെ സമരജീവിതത്തെ രാകിമിനുക്കിയ ആലപ്പുഴ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അഞ്ചോടെയാണ് മൃതദേഹം വഹിച്ചുള്ള പ്രത്യേക ബസ് പുറപ്പെട്ടത്. പുന്നപ്രയുടെ മണിമുത്തേ, പോരാട്ടത്തിന്‍ സമര നായകനേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. അര മണിക്കൂര്‍ മാത്രം പൊതുദര്‍ശനം നിശ്ചയിച്ച പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നിന്ന് മൃതദേഹം എടുത്തത് മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ്.

‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; ഇടതിന്റെ നേതാവിന് ഇടനെഞ്ചുപൊട്ടി അന്ത്യാഭിവാദ്യങ്ങള്‍

ഉച്ചയ്ക്ക് 3.20ഓടെയാണ് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചത്. ഉച്ചയ്ക്ക് 2.40ഓടെയാണ്, സ്നേഹവായ്പോടെ ചേര്‍ത്തണച്ച വീട്ടില്‍ നിന്ന് എന്നെന്നേക്കും വി എസ് അച്യുതാനന്ദന്‍ പടിയിറങ്ങിയത്. ഏറെക്കാലം ജില്ലയിലെ പാര്‍ട്ടിക്ക് നെടുനായകത്വം വഹിച്ച അദ്ദേഹം പിന്നീട് കേരളത്തിലെ പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും പ്രതിപക്ഷത്തിന്റെയും നേതാവായത് ചരിത്രം.

ദിക്കുപൊട്ടുമാറുച്ചത്തില്‍ അലയടിക്കുന്ന അഭിവാദ്യം വിളികളുടെ അകമ്പടിയുമായി ആ വിപ്ലവസൂര്യന്റെ അവസാന യാത്രയാണ് ആലപ്പുഴയില്‍ നടന്നത്. വേലിക്കകത്ത് വീട്ടിലേക്ക് ഉച്ചയ്ക്ക് 12ന് ശേഷമാണ് വി എസിന്റെ മൃതദേഹം എത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തിയത്.

Advertisement