വിപഞ്ചികയുടെ മരണം: ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

Advertisement

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡി.വൈ.എസ്.പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡി.വൈ.എസ്.പി മുകേഷ് ജി ബിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു. തിരുവനന്തപുരം ആർ.ഡി യുടെ പ്രത്യേക നിർദേശ പ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്.

പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഷാർജയിൽ സംസ്കരിച്ചിരുന്നു. കഴിഞ്ഞ പത്താം തിയതിയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാർജ അൽ നഹ്ദയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനെ കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തത്. നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

Advertisement