കട്ടപ്പുറത്തായ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു

Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ കട്ടപ്പുറത്തായ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മാസം 14 നായിരുന്നു വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തർ ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം തകരാറിൽ ആയതോടെ തിരിച്ചു പറക്കാനായില്ല. ബ്രിട്ടിഷ് നേവിയുടെ വിമാനവാഹിനിക്കപ്പൽ എച്ച്.എം എസ് പ്രിൻസ് ഓഫ് വെയിൽസിലെ സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ബ്രിട്ടനിൽ നിന്ന് നാൽപതംഗ പ്രത്യേക വിദഗ്ധ സംഘത്തെ ജൂലൈ 6ന്  റോയൽ എയർഫോഴ്സ് യുദ്ധവിമാനമായ എ-400ൽ  തിരുവനന്തപുരത്ത് എത്തിച്ചു. അവരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണിക്കൊടുവിലാണ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്. 

എയർ ഇന്ത്യയുടെ ഹാങറിലാണ് അറ്റകുറ്റപണികൾ നടന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ് 35 ദിവസങ്ങളോളം തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ മഴയും വെയിലും കൊണ്ട് കിടന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോൾ ആയി മാറിയിരുന്നു.

Advertisement