വി എസ് ശാസ്താംകോട്ടയോട് ചെയ്തത്

Advertisement

ഹരി കുറിശേരി

ശാസ്താം കോട്ട. വി എസ് ഒരിക്കൽ പോലും തടാകം സന്ദർശിച്ചിട്ടില്ല. പടിഞ്ഞാറേ കല്ലടയിൽ ചെളിയും മണലും വാരി കുളം കോരിയ ഏലാകൾ കണ്ടില്ല. പക്ഷേ അധികാരത്തിലിരിക്കെ കുന്നത്തൂരിലെ ഈ മേഖലയുടെ നിലനിൽപിന് വി എസ് അച്യുതാനന്ദൻ ചെയ്തത് നാടിന് എക്കാലത്തും ഗുണമായി മാറി.

1997 നു ശേഷമാണ് തടാകം വരൾച്ച നേരിട്ടു തുടങ്ങിയത്. പല വേനലിലും കുടിനീർ പമ്പിംങ് പോലും പ്രതിസന്ധിയിലായി.

തൊട്ടു ചേർന്ന പടിഞ്ഞാറേ കല്ലടയിലും ചേലൂരിലും അക്കാലത്ത് രൂക്ഷമായ കരമണൽ ഖനനവും  ചെളിക്കുത്തും അടക്കമുള്ള പ്രവർത്തനങ്ങൾ ഇതിനു കാരണ മാകുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ വാദിച്ചു. ഇതിനെതിരേ നടന്ന സമരങ്ങൾക്ക് രാഷ്ട്രീയകക്ഷികളും അധികൃതരും തൊഴിലാളി സ്നേഹത്തിൻ്റെ പേരിൽ ചെവികൊടുത്തില്ല. പടിഞ്ഞാറേ കല്ലടയിൽ ഇഷ്ടികച്ചൂളകളുടെ പുക ജനങ്ങളുടെ ആരോഗ്യം ചോദ്യചിഹ്നമാക്കി. ഒരു ചെറു പഞ്ചായത്തിൽ നാൽപതിലേറെ ചൂളകൾ പുകപരത്തി. വി എസ് മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തടാക സംരക്ഷണ സമിതി ചെയർമാൻ പ്രഫ. ആർ. ഗംഗ പ്രസാദ്, ജനറൽ കൺവീനർ കെ കരുണാകരൻപിള്ള പടിഞ്ഞാറേ കല്ലട സംരക്ഷണ സമിതി കൺവീനർ വി എസ് ശ്രീകണ്ഠൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകി.

രാജാജി മാത്യു തോമസ് നയിച്ച നിയമസഭാ പരിസ്ഥിതി കമ്മിറ്റി പഞ്ചായത്തിലെ പ്രശ്നം മനസിലാക്കാൻ എത്തിയതും ജലവിഭവ  മന്ത്രി എൻ കെ പ്രേമചന്ദ്രൻ കൂടി താൽപര്യമെടുത്ത് സി ഡബ്ലിയുആർഡിഎം ശാസ്ത്രജ്ഞരെ ശാസ്താം കോട്ടയിലെത്തിച്ച്  പഠനം നടത്തി മാനേജുമെൻ്റ് ആക്ഷൻ പ്ലാൻ (എം എ പി )തയ്യാറാക്കിയതും ഇതിന് അനുബന്ധമായാണ്.

വി എസിനെ പടിഞ്ഞാറേ കല്ലടയിലെത്തിക്കാൻ പരിസ്ഥിതി പ്രവർത്തകർ ശ്രമിച്ചെങ്കിലും ചില ഭാഗത്തെ നീക്കങ്ങൾ മൂലം അത് നടന്നില്ല. എന്നാൽ ഇഷ്ടികക്കളങ്ങൾ ഉയർത്തുന്ന പരിസ്ഥിതി ഭീഷണി തിരിച്ചറിഞ്ഞ് തൊഴിലാളി പ്രശ്നം കാര്യമാക്കാതെ നടപടി നീക്കുകയായി രുന്നു വി എസ്. പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് വിളിച്ച് അനധികൃത ഇഷ്ടിക ച്ചൂളകൾക്കതിരേ നടപടിക്ക് നിർദ്ദേശം നൽകി. പ്രത്യേക ചിമ്മിനി സ്ഥാപിച്ച് ചൂളനടത്താം എന്ന് പറഞ്ഞെങ്കിലും ഇതിലൊക്കെയുള്ള ബുദ്ധിമുട്ടും ചെളി ഖനനത്തിലുള്ള വിലക്കും മൂലം ചൂളകളിലെ തീയണഞ്ഞു .

ഖനന നിരോധനത്തിന് എതിരേ പിന്നീട് പടിഞ്ഞാറ കല്ലട സംരക്ഷണ സമിതി വൈസ് ചെയർമാൻ ബി തൃദീപ്കുമാറിൻ്റെ നേതൃത്വത്തിൽ വന്ന യുവാക്കളുടെ പഞ്ചായത്ത് കമ്മിറ്റി ശക്തമായ നിലപാട് എടുത്തതോടെ കരമണൽ ഖനനവും നിലച്ചു. ഇപ്പോഴത്തെ സ്വഛമായ പടിഞ്ഞാറേ കല്ലട വി എസ് എന്ന പരിസ്ഥിതി സ്നേഹിയുടെ കൂടി സംഭാവനയാണ്

ഇപ്പുറത്ത് ശാസ്താംകോട്ട തടാകത്തിൻ്റെ ജലശോഷണത്തിന് പടിഞ്ഞാറേ കല്ലടയിലെ ഖനനവും അമിത ജല ചൂഷണ ( പമ്പിംങ് ) വും കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞരുടെ പഠനത്തിൽ വ്യക്തമായി. പടിഞ്ഞാറേ കല്ലട ഖനന വിമുക്തമായതിൻ്റെ ഗുണം തടാകത്തിനു ലഭിച്ചു. തടാക സംരക്ഷണ സമിതിയുടെ സമരം പരിഗണിച്ച് വി എസിൻ്റെ നിർദ്ദേശവും എൻ കെ പ്രേമചന്ദ്രൻ്റെ താൽപര്യവും മൂലം തയ്യാറാക്കിയ മാനേജുമെൻ്റ് ആക്ഷൻ പ്ലാൻ തടാകത്തിൻ്റെ ഇതപര്യന്തമുള്ള മികച്ച പഠന റിപ്പോർട്ടും സംരക്ഷണനിർദ്ദേശങ്ങളുമാണ്. ഇതിൻ്റെ ചുവടു പിടിച്ചാണ് തണ്ണീർത്തട അതോറിറ്റി പുതിയ പദ്ധതി രൂപീകരിച്ച് തടാക സംരക്ഷണ പദ്ധതിക്ക് ഒരുങ്ങുന്നത് എന്നത് തടാക സംരക്ഷണത്തിന് വി എസ് നൽകിയ സംഭാവനയുടെ മായാരേഖയാണ്.

Advertisement