പണമില്ലെങ്കിൽ ടയർ ഉരുളില്ല ‘എംവിഡി’യിൽ അടിമുടി തരികിട, കാശുമായി കറങ്ങുന്ന ഏജന്റുമാർ, ‘ക്ലീൻ വീൽസി’ൽ കണ്ടത് വ്യാപക ക്രമക്കേട്

450
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. “ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിലായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമായി ആകെ 81 ഓഫീസുകളിൽ ഇന്നലെ വൈകുന്നേരം 04:30 മുതൽ സംസ്ഥാന വ്യാപക പരിശോധന നടന്നു.

പരിശോധനയുടെ ഭാഗമായി വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെത്തിയ 11 ഏജൻ്റുമാരിൽ നിന്ന് 1,40,760 പിടിച്ചെടുത്തു. നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും, വൈക്കം സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജനലിൽ ഒളിപ്പിച്ച നിലയിൽ പണവും കണ്ടെത്തി. 21 ഉദ്യോഗസ്ഥർ വിവിധ ഏജൻ്റുമാരിൽ നിന്ന് 7,84,598 രൂപ യുപിഐ ഇടപാടിൽ നിയമവിരുദ്ധമായി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

കൈക്കൂലി ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ ചൂണ്ടിക്കാട്ടി നിരസിക്കുകയും മനഃപൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നു. എന്നാൽ ഏജൻ്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വേഗത്തിൽ തീരുമാനമെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിനും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിംഗ് സ്കൂൾ ഉടമകളും വാഹന ഷോറൂമുകളിലെ ഏജൻ്റുമാരും വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടത്ര പരിശോധനകൾ നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും കൈക്കൂലി വാങ്ങി അനുവദിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ജില്ല തിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം: ആർ.ടി.ഒ.യിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 16,400 ഏജൻ്റുമാരിൽ നിന്ന് കൈപ്പറ്റി. വർക്കല എസ്.ആർ.ടി.ഒ.യിലെ രണ്ട് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി 82,203 കൈപ്പറ്റി.

പത്തനംതിട്ട: തിരുവല്ല എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 4,000 സഹിതം പിടികൂടി. ഇതേ ഏജൻ്റ് ഒരു ഉദ്യോഗസ്ഥയ്ക്ക് 2,500 ഗൂഗിൾ പേ വഴി അയച്ചതായും കണ്ടെത്തി.

ആലപ്പുഴ: ചേർത്തല എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 10,000 സഹിതം പിടികൂടി. ഇതേ ഏജൻ്റ് ഒരു ഉദ്യോഗസ്ഥന് 1,500 ഗൂഗിൾ പേ വഴി അയച്ചതായും കണ്ടെത്തി.

കോട്ടയം: പാല എസ്.ആർ.ടി.ഒ.യിൽ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ വിലക്കുള്ള 2 ഏജൻ്റുമാരെ ഉദ്യോഗസ്ഥരോടൊപ്പം കണ്ടതിനെ തുടർന്ന് വിജിലൻസ് പിടികൂടി.

ഇടുക്കി: വണ്ടിപ്പെരിയാർ എസ്.ആർ.ടി.ഒ.യിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന ₹16,000 സഹിതം ഒരു ഏജൻ്റിനെയും, ഉടുമ്പൻചോല എസ്.ആർ.ടി.ഒ.യിൽ ₹66,630 സഹിതം മറ്റൊരു ഏജൻ്റിനെയും വിജിലൻസ് പിടികൂടി.

എറണാകുളം: എറണാകുളം ആർ.ടി.ഒ.യിലെ ഒരു ഉദ്യോഗസ്ഥൻ ഏജൻ്റുമായി ₹71,500 രൂപയുടെ പണമിടപാട് നടത്തിയതായി കണ്ടെത്തി. ഗുരുവായൂർ എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ ₹2,240 സഹിതം കണ്ടെത്തി.

മലപ്പുറം: മലപ്പുറം ആർ.ടി.ഒ.യിൽ രണ്ട് ഏജൻ്റുമാരെ 7,120 സഹിതം പിടികൂടി. നിലമ്പൂർ എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ 4,500 സഹിതവും, രണ്ട് ഉദ്യോഗസ്ഥർ ഏജൻ്റുമാരിൽ നിന്ന് 42,743 കൈപ്പറ്റിയതായും, 49,300 ഓഫീസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. തിരൂരങ്ങാടി എസ്.ആർ.ടി.ഒ.യിൽ ഒരു ഉദ്യോഗസ്ഥൻ ഏജൻ്റിൻ്റെ പക്കൽ നിന്ന് 40,000 ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി കണ്ടെത്തി.

കോഴിക്കോട്: കൊടുവള്ളി എസ്.ആർ.ടി.ഒ.യിൽ ഉദ്യോഗസ്ഥരും ഏജൻ്റുമാരും തമ്മിൽ 2,15,295 രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടന്നതായി കണ്ടെത്തി. വടകര ആർ.ടി.ഒ.യിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 9,250 ഒരു ഏജൻ്റിൽ നിന്ന് പിടിച്ചെടുത്തു.

വയനാട്: കല്പറ്റ ആർ.ടി.ഒ.യിൽ രണ്ട് ഉദ്യോഗസ്ഥർ ഏജൻ്റുമാരുമായി 35,800 രൂപയുടെ ഗൂഗിൾ പേ ഇടപാടുകളും, സുൽത്താൻ ബത്തേരി ആർ.ടി.ഒ.യിൽ ഒരു ഉദ്യോഗസ്ഥന് ഏജൻ്റ് 6,000 ഗൂഗിൾ പേയിൽ അയച്ചതായും കണ്ടെത്തി.

കാസർഗോഡ്: കാസർഗോഡ് ആർ.ടി.ഒ.യിൽ രണ്ട് ഏജൻ്റുമാരെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 21,020 സഹിതം പിടികൂടി. വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ.യിൽ ഏജൻ്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 2,66,300 ഗൂഗിൾ പേ വഴി അയച്ചതായും കണ്ടെത്തി.

മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടരന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു. ഉദ്യോഗസ്ഥരുടെയും ഏജൻ്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement