കൊല്ലം: ഒരു കുരുന്ന് ജീവൻ്റെ വില നൽകേണ്ടി വന്നു ആ കമ്പികൾ അഴിച്ചുമാറ്റാൻ. ചർച്ചകൾ ഏറെ നടന്നെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി എട്ട് വർഷമായിട്ടും മാറ്റാതിരുന്ന വൈദ്യുതി കമ്പികൾ ബാലാവകാശ കമ്മീഷൻ്റെ ഒറ്റവാക്കിൽ വൈദ്യുതി ബോർഡ് നീക്കം ചെയ്തു.ഇതിന് നൽകേണ്ടി വന്നത് ഒരു പാവം 13 കാരൻ്റെ ജീവൻ.
തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.ഈ കമ്പിയിൽ തട്ടിയായിരുന്നു ഈ സ്ക്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പടിഞ്ഞാറെക്കല്ലട വിളന്തറ മനുഭവനിൽ മിഥുൻ വ്യാഴം രാവിലെ മരണമടഞ്ഞത്.
ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തില്‍ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു ഇതിന് പിന്നാലെയാണ് ഇടപെടല്‍.
നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകള്‍ ഇനി മുതല്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്നായിരിക്കും നല്‍കുക.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈൻ പോയിരുന്നത്. നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പില്‍ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാല്‍ ഉണ്ടായിരുന്നത് തറനിരപ്പില്‍ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്പ് ഷീറ്റില്‍ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നല്‍കാൻ കെഎസ്‌ഇബി സ്കൂള്‍ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തില്‍ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ലൈനിന് അടിയില്‍
നിർമ്മാണ പ്രവർത്തി നടത്തുന്നതില്‍ സ്കൂളിന് വീഴ്ച വന്നതായും റിപ്പോർട്ടിലുണ്ട്. ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ മരണപ്പെടുന്നത്. മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.