മിഥുൻ മടങ്ങി; ഇനി ഓർമ്മകൾ ബാക്കി

Advertisement

കൊല്ലം: സ്വപ്നങ്ങളും ഓർമ്മകളും ബാക്കിയാക്കി മിഥുൻ മടങ്ങി.
കണ്ടു നിന്നവരെല്ലാം കണ്ണീർ തുടയ്ക്കാൻ പാട് പെടുന്ന കരളലയിക്കുന്ന കാഴ്ചയായിരുന്നു വിളന്തറയിലെ മിഥുൻ്റെ വീട്ടിൽ കണ്ടത്. പ്രീയ മകനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ നിയന്ത്രണങ്ങൾ പലപ്പോഴും പാളിപ്പോയി.
മിഥുൻ യാത്രയായപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിൻ്റെ കരയിലുള്ള വിളന്തറ ഗ്രാമം അക്ഷരാർത്ഥത്തിൽ വിതുമ്പുകയായിരുന്നു.
തേവലക്കര ബോയ്സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് നാട് ഒന്നായി യാത്രാമൊഴിയേകി. എല്ലാ ആദരവുകളും ഏറ്റു വാങ്ങി ഒരു നോവായി മിഥുൻ ഓർമ്മയായപ്പോൾ, ഇടിഞ്ഞ് വീഴാറായ വീടിൻ്റെ ചുമരിൽ മിഥുൻ വരച്ച ചിത്രങ്ങൾ ബാക്കിയായി. മതപരമായ ചടങ്ങുകൾ പൂർത്തീകരിച്ച് വീടിനടുടുത്ത് ഒരുക്കിയ ചിതയിലേക്ക് മിഥുൻ്റെ ഭൗതികദേഹം മാറ്റി. 4.30 ന് അനുജൻ സുജിൻ ചിതയ്ക്ക്‌ തീ കൊളുത്തിയതോടെ മിഥുൻ കണ്ണീരോർമ്മയായി.

വിദേശത്തായിരുന്ന അമ്മ സുജ രാവിലെ നെടുമ്പാശ്ശേരിലെത്തി ഉച്ചയോടെ വീട്ടിലെത്തി. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കിയിരുന്നു. ശാതാംകോട്ട ഗവ.ആശുപത്രി മോർച്ചറിയിൽ നിന്ന് മിഥുൻ്റെ ഭൗതിക ശരീരം പ്രത്യക ആംബുലൻസിൽ മിഥുൻ പഠിച്ച തേവലക്കര ബോയിസ് ഹൈസ്കൂളിലേക്കു് കൊണ്ടുവന്നു. വന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ നൂറ് കണക്കിനാളുകൾ തിങ്ങികൂടി. അധ്യാപകരും കൂട്ടുകാരും ചേർന്ന് സ്ക്കുളിൽ നൽകിയ യാത്രയപ്പ് ഏറെ വൈകാരികമായിരുന്നു.

വ്യാഴം രാവിലെ സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ കൂട്ടുകാരൻ്റെ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.

Advertisement