തേവലക്കര സ്ക്കൂളിലെ താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഇന്ന് നീക്കും

650
Advertisement

ശാസ്താംകോട്ട: മിഥുന്റെ മരണത്തിന് ഇടയാക്കിയ തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ വൈദ്യുതി ലൈനുകള്‍ ഇന്ന് കെഎസ്‌ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിർമ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്.

കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

ഷോക്കേറ്റ് മിഥുൻ മരിക്കാനിടയായ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായാതായി ഡി.ജി.ഇ. അന്വേഷണ റിപ്പോർട്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടില്‍ പരാമർശിക്കുന്നു. കെ.എസ്.ഇ.ബി., പഞ്ചായത്ത് അധികൃതരും ആവശ്യമായ സുരക്ഷാ നടപടികള്‍ പാലിച്ചില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോർട്ടില്‍ പറയുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കാൻ സ്‌കൂള്‍ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.കെ.എസ്.ഇ.ബി.യ്ക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നു. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി. തികഞ്ഞ അലംഭാവം കാട്ടിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.

Advertisement