കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യക്ക് തൊട്ട് മുമ്പ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി.ദിവ്യയുടെ ബന്ധു
അഴീക്കോട് സ്വദേശി പ്രശാന്ത് ടി വി യുടെ മൊഴിപ്പകർപ്പ് ആണ് പുറത്തു വന്നത്. നവീൻ ബാബുവിനെ കുറ്റക്കാരനാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ്.
നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേന്ന് അഴീക്കോട് സ്വദേശിയും ദിവ്യയുടെ ബന്ധുമായ പ്രശാന്ത് മുഖാന്തരം സ്വാധീനിക്കാൻ നവീൻ ബാബു ശ്രമിച്ചന്നാണ് മൊഴി. കേസിൽ ഇത് ആദ്യമായാണ് പ്രശാന്ത് എന്നയാളുടെ മൊഴി വിവരം പുറത്തുവരുന്നത്.
ദിവ്യയുമായുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം എ ഡി എം തന്നെ ക്വാർട്ടേഴ്സിന് സമീപത്തേക്ക് വിളിച്ചുവരുത്തിയെന്നുമാണ് പ്രശാന്തിന്റെ മൊഴി. എന്നാൽ ദിവ്യയുമായി അത്തരം കാര്യങ്ങൾ സംസാരിക്കാൻ പാകത്തിലുള്ള ബന്ധമില്ലെന്ന് അറിയിച്ചതോടെ നവീൻ ബാബു ക്വാർട്ടേഴ്സിലേക്ക് കയറി പോയി. പിറ്റേന്ന് പുലർച്ചയാണ് എ ഡി എം ആത്മഹത്യ ചെയ്ത വിവരം അറിയുന്നത് എന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ കണ്ണൂർ
കളക്ടർ പൊലീസിന് നൽകിയ മൊഴിയും നവീൻ ബാബുവിനെ സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണ്. ഈ മൊഴികളെല്ലാം പി പി ദിവ്യയെ സംരക്ഷിക്കുന്നതിനായി കെട്ടിച്ചമച്ചതാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം.
പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാട്, ടി വി പ്രശാന്തൻ മുഖ്യമന്ത്രിക്കും വിജിലൻസിനും നൽകിയെന്ന് പറയുന്ന വ്യാജ പരാതി.. തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ ഒരിടത്തും പരാമർശമില്ല. അന്വേഷണ റിപ്പോർട്ടിൽ പി പി ദിവ്യക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന ആരോപണം നവീൻ ബാബുവിന്റെ കുടുംബം നേരത്തെ തന്നെ ഉയർത്തിയിരുന്നു