മാനസികാസ്വാസ്ഥ്യമുള്ള 44കാരനെ ഉറക്ക ഗുളിക അമിതമായി നൽകി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ദമ്പതികൾക്ക് തടവും പിഴയും

Advertisement

മാനസികാസ്വാസ്ഥ്യമുള്ള 44കാരനെ ഉറക്ക ഗുളിക അമിതമായി നൽകി കൊലപ്പെടുത്തിയ ശേഷം, ആരുമറിയാതെ തൈക്കാട് മിനി ശ്മശാനത്തിൽ സംസ്കരിച്ച കേസില്‍ പ്രതികളായ ദമ്പതികൾക്ക് തടവും പിഴയും. കോട്ടയം കിടങ്ങൂർ മരിയൻ ദിവ്യകാരുണ്യാശ്രമത്തിലെ, അന്തേവാസിയായ എറണാകുളം പാലാരിവട്ടം സ്വദേശി വേണുഗോപാലാണ് (44) 2008 ആഗസ്റ്റ് 15ന് കൊല്ലപ്പെട്ടത്. 

ദിവ്യകാരുണ്യാശ്രമം നടത്തിയിരുന്ന കിടങ്ങൂർ ചിറയാർക്കര സ്വദേശി തോമസിനെയാണ് (58) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിന് പുറമേ ഇയാള്‍ 1.51 ലക്ഷം രൂപ പിഴ അടക്കുകയും വേണം.  തോമസിന്‍റെ ഭാര്യയും രണ്ടാം പ്രതിയുമായ ഗീത തോമസിന് (54) മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൊട്ടാരക്കര അസി. സെഷൻസ് ജഡ്ജ് റീനാദാസാണ് ശിക്ഷ വിധിച്ചത്. 


2008 ആഗസ്റ്റ് 15ന് കൊലപാതം നടത്തിയ ശേഷം, വേണുഗോപാലിനെ കാണാനില്ലെന്ന് കാട്ടി തോമസ് തന്നെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 22ന് പരാതി നൽകുകയായിരുന്നു. തോമസ് വേണുഗോപാലിനെ പലപ്പോഴും  ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിവ്‍ വ്യക്തമായി. ആഗസ്റ്റ് 15ന് വേണുഗോപാലിനെഅമിതമായ അളവിൽ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം എവിടെയെങ്കിലും ഉപേക്ഷിക്കാൻ ലക്ഷ്യമിട്ട് കാറില്‍ കൊണ്ടുപോയി. എന്നാൽ യാത്രക്കിടെ വേണുഗോപാൽ മരിച്ചു. 

വേണുഗോപാലിന്‍റെ മരണം ബന്ധുക്കളെ അറിയിക്കാതിരിക്കാനായി പിന്നെ തോമസിന്‍റെ പരിശ്രമം. അന്നുതന്നെ വേണുഗോപാലിന്‍റെ മൃതദേഹവുമായി തോമസ് തൈക്കാട് മിനി ശ്മശാനത്തിൽ എത്തി സംസ്കാരവും നടത്തി. ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊട്ടാരക്കരയിൽ വച്ച് വേണുഗോപാൽ കാറിൽ നിന്ന് ഇറങ്ങി ഓടിയെന്ന് കഥയുണ്ടാക്കി നാട്ടിലാകെ പ്രചരിപ്പിച്ചു. പിന്നീട് വേണുഗോപാലിനെ കാണാനില്ലെന്ന് കാട്ടി തോമസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 
തോമസിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്  ഉറക്ക ഗുളിക അമിതമായി  നൽകിയതാണ് മരണ കാരണമെന്ന് പൊലീസിന് ബോധ്യമായത്. എന്നാല്‍ ഉറക്ക ഗുളിക നല്‍കിയാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

തോമസിന്റെ ഭാര്യ ഗീതയെ രണ്ടാം പ്രതിയാക്കിയും, നെയ്യാറ്റിൻകര നഗരസഭാ കൗൺസിലറായിരുന്ന സുരേഷ് കുമാറിനെ മൂന്നാം പ്രതിയാക്കിയുമാണ് കേസ് എടുത്തത്. ഗരസഭാ കൗൺസിലറായിരുന്ന സുരേഷ് കുമാറിനെ കോടതി വെറുതെ വിട്ടു. തൈക്കാട് ശ്മശാനത്തിലെ ജീവനക്കാരുടെ മൊഴിയും, കയ്യെഴുത്ത് പരിശോധനയുടെ റിപ്പോർട്ടുമാണ് തോമസിനെ കുരുക്കിയത്. കൊട്ടാരക്കര എസ്.ഐയായിരുന്ന എസ്. മഞ്ജു ലാലാണ് കേസ് അന്വേഷിച്ചത്.  

Advertisement