മിഥുൻ കേരളത്തിന്‌ നഷ്ടപ്പെട്ട മകൻ, ഷെഡിന് മുകളില്‍ കയറിയത് കുറ്റമായി കാണാനാവില്ല, സ്ക്കൂളിന് ഫിറ്റ്നസ് നൽകിയവരും സമാധാനം പറയേണ്ടി വരും; മന്ത്രി വിശിവൻകുട്ടി

1021
Advertisement

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ കേരളത്തിന്‌ നഷ്ടപ്പെട്ട മകനെന്ന് മന്ത്രി വി ശിവൻകുട്ടി.
സംഭവം ആർക്കും സഹിക്കാൻ പറ്റുന്നതല്ല. കുട്ടി ഷെഡിന് മുകളില്‍ കയറിയത് കുറ്റമായി കാണാൻ കഴിയില്ലെന്നും
അതെല്ലാം കുട്ടികള്‍ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മന്ത്രി ജെ ചിഞ്ചുറാണി നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു മന്ത്രി നടത്തിയത്. മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുട്ടികളാകുമ്പോള്‍ പ്രായത്തിനനുസരിച്ച്‌ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയം എന്ന രീതിയില്‍ അവിടെ ഉണ്ടായ അനാസ്ഥ പരിശോധിക്കുമെന്നും പ്രഥമാധ്യാപകർക്കും മറ്റധ്യാപകർക്കും എന്ത് പണിയാണുള്ളതെന്നും മന്ത്രി ചോദിച്ചു.

ഫിറ്റ്നസ് വാങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. അത് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് കൊടുത്തവർ മറുപടി പറയേണ്ടി വരും. ഒരു കാരണവശാലും ഫിറ്റ്നസ് കൊടുക്കാൻ പാടില്ലായിരുന്നു. വിലയിരുത്തല്‍ നടത്തിയതിന്റെ വിശദ വിവരങ്ങള്‍ ചോദിക്കും.
അധ്യാപകർക്കെതിരായ നടപടിയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ തുറക്കും മുമ്പേ വലിയ തയ്യാറെടുപ്പാണ് നടത്തിയത്. സർക്കുലറില്‍ തന്നെ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയില്‍ ആണെങ്കില്‍ കെഎസ്‌ഇബിയെ അറിയിക്കാൻ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ സർക്കുലറിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്കൂള്‍ എടുത്തിട്ടില്ല. കെഎസ്‌ഇബി ഇടപെട്ടിട്ടില്ല എന്നാണെങ്കില്‍ മാറ്റുന്നത് വരെ കെഎസ്‌ഇബിയെ ബന്ധപ്പെടണമായിരുന്നു. അല്ലെങ്കില്‍ മന്ത്രിയെ ഉള്‍പ്പെടെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട്‌ കിട്ടിയാല്‍ നടപടിയുണ്ടാകും. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും
മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് ഒരു വീട് വെച്ചു നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement