വാർത്താനോട്ടം

395
Advertisement

2025 ജൂലൈ 18 വെള്ളി


    🌴കേരളീയം🌴

🙏  തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാളെ നാട്ടില്‍ എത്തുമെന്ന് വിവരം. ഇന്ന് വൈകിട്ട് തുര്‍ക്കിയില്‍ നിന്ന് കുവൈറ്റില്‍ എത്തും. നാളെ രാവിലെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നാല് മാസം മുന്‍പാണ് സുജ കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായി പോയത്.



🙏 കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് ഇന്ന് ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

🙏 കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ സ്‌ക്കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തിന് തീരാനോവായി. മിഥുന്റെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


🙏 കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടത്തില്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.




🙏 കൊല്ലത്തെ സ്‌കൂളില്‍ ഷോക്കടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക.


🙏 കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും  അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.


🙏  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. 10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.


🙏 കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ടാണ്. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



🙏 സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരു ലോക്കലില്‍ ഒരു വീടെങ്കിലും എന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് പോവുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.




🙏 നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.



🙏 ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്‌കാരം പൂര്‍ത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്‌കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം.


🙏 കേരള പോലീസിന്റെ ഫേസ്ബുക് പേജിന് ഇരുപതു ലക്ഷം ഫോളോവേഴ്സ്. ജൂലൈ 15 നാണ് കേരള പോലീസ് എഫ് ബി പേജ് ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. ഇതോടുകൂടി ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറ്റവം കൂടുതല്‍ ഫോളോവേഴ്സ് ഉള്ള പോലീസ് സേനയുടെ ഫേസ്ബുക് പേജ് ആയിരിക്കുകയാണ് കേരള പൊലിസിന്റെ എഫ്ബി പേജ്.



🙏വയനാട് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചനെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു. മുള്ളന്‍ കൊല്ലി മണ്ഡലം കമ്മിറ്റി മരവിപ്പിച്ചു. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതിന്റെ പേരിലാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളായ നാല് പേരെ സസ്പെന്റ് ചെയ്തത്.

🙏 നാലുകോടിയുടെ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒമ്പതര ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. എണ്ണ ദിനേശന്‍ എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി ദിനേശന്‍ (54) ആണ് അറസ്റ്റിലായത്.


🙏കണ്ണൂരില്‍ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചു. 20 വരെയുള്ള തീയ്യതികളില്‍ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.



🙏 ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.



🙏  ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ ഇന്നലെ വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍മോചനത്തിനുള്ള നടപടികള്‍ തീര്‍ത്തു.


🙏 പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപ ജാഗ്രതയെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനവും ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ജില്ല കളക്ടര്‍ അറിയിച്ചു.


   🇳🇪  ദേശീയം  🇳🇪

🙏 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ സജ്ജമായി ഷേര്‍. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത എ കെ 203 അസോള്‍ട്ട് റൈഫിള്‍ 2025 ഡിസംബര്‍ മുതലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുക.


🙏 തമിഴ്നാടിലെ തിരുവള്ളൂര്‍ ഗുമ്മിഡിപൂണ്ടിയില്‍ 10 വയസ്സുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. റോഡിലൂടെ നടന്നു പോന്ന കുട്ടിയെ പിന്തുടര്‍ന്ന യുവാവ് അടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.



🙏 തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ദമ്പതികള്‍ പൊലീസില്‍ കീഴടങ്ങി. നാല്‍പ്പത് വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച 62 കാരനായ സഞ്ജീവ് എന്ന മാവോയിസ്റ്റ് നേതാവും ഭാര്യ പാര്‍വതിയുമാണ് നിലവില്‍ കീഴടങ്ങിയിരിക്കുന്നത്.


🙏രേണുക സ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയില്‍ ഒട്ടും തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

🙏 ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആളെ കാണാനില്ലാതായി. വിദ്യാര്‍ഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധര്‍മസ്ഥല ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്.



🙏 അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരു ദളിതനെ നാമനിര്‍ദേശം ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.





🇦🇺  അന്തർദേശീയം  🇦🇽


🙏 ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ കൂത് നഗരത്തില്‍ പുതുതായി തുറന്ന മാളിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരെ കാണാതായെന്നാണ് വിവരം. വാസിത് ഗവര്‍ണറേറ്റിലെ മാളിലുണ്ടായ അപകടത്തില്‍ 45 പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



🙏  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക്ക് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

🙏 ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.


🙏 റഷ്യയുമായുള്ള വ്യാപാരത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ‘പ്രധാന മുന്‍ഗണന’ എന്ന് ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ നാറ്റോയ്ക്ക് മുന്നറയിപ്പ് നല്‍കി.

🙏 റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയില്‍ എവിടെനിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്ന് പുരി പറഞ്ഞു.



🙏 താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10% ല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ക്കും താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങള്‍ക്ക് 10% ല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Advertisement