നാളെ കൊല്ലത്ത് എബിവിപിക്ക് പിന്നാലെ കെഎസ് യുവും വിദ്യാഭ്യാസ ബന്ത്‌ പ്രഖ്യാപിച്ചു… സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധം

52
Advertisement

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യുവും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എബിവിപി നേരത്തെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചുതിന് പിന്നാലെയാണ് കെഎസ് യുവും ബന്ത്‌ പ്രഖ്യാപിച്ചത്. അതേസമയം എസ്എഫ്ഐ സ്കൂളിലേക്ക് പ്രതിഷേധം നടത്തി. കെഎസ്ഇബിക്കും സ്കൂൾ മാനേജ്മെന്റിനും എതിരെയാണ് പ്രതിഷേധം നടത്തിയത്. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.

വകുപ്പുകൾ തമ്മിൽ പഴിചാരുന്നത് അപഹാസ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംഭവത്തിൽ കേരള പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശവാദമുന്നയിക്കുമ്പോൾ മറുവശത്ത് വിദ്യാർത്ഥികൾ പാമ്പ് കടിച്ചും ഷോക്കേറ്റും കൊല്ലപ്പെടുന്നത് മന്ത്രി കൺതുറന്ന് കാണണം, ശക്തമായ നടപടികളാണ് ആവശ്യം, ആശ്വാസവാക്കുകളും സോഷ്യൽമീഡിയ ഗിമ്മിക്കുകളുമല്ല. മിഥുന്‍റെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു.

Advertisement