വാർത്താനോട്ടം

487
Advertisement

2025 ജൂലൈ 17 വ്യാഴം

BREAKING NEWS

👉 മീശ വടിക്കാത്തതിൻ്റെ പേരിൽ വയനാട് കണിയാമ്പറ്റ ഗവ. എച്ച് എസ് എസിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിൻ്റെ പേരിൽ ക്രൂര മർദ്ദനം

👉 വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന 16 കാരന് ഏറ്റത് ക്രൂര മർദ്ദനം. പോലീസ് നടപടി തുടങ്ങി.

👉ശുചിത്വത്തിലെ മികവ്: മട്ടന്നൂർ നഗരസഭയ്ക്ക്
സ്വച്ഛ് സർവേഷൻ പുരസ്ക്കാരം.രാഷ്ട്രപതിയിൽ നിന്ന് മന്ത്രി എം ബി രാജേഷ് ഇന്ന് അവാർഡ് ഏറ്റുവാങ്ങും.

👉ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ അമർനാഥ് യാത്രക്ക് എത്തിയ സോനാ ഭായി എന്ന സ്ത്രീ മരിച്ചു. ചിലരെ കാണാതായി.

👉തൃശൂർ പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യം വെച്ചു തന്നെയെന്ന് മന്ത്രി കെ.രാജൻ. പൂരംകലക്കലിൽ ക്രൈം ബ്രാഞ്ച് മന്ത്രിയുടെ മൊഴിയെടുത്തു.

👉വടക്കൻ കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു.

👉 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്.

👉കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

👉 കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

🌴കേരളീയം 🌴

🙏 പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

🙏 കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണ്.

🙏 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ സി.വി പദ്മരാജന്‍ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

🙏 ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി.

🙏 തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഇന്നത്തെ അവധി മാരത്തോണില്‍ ഓടി തോല്‍പ്പിച്ച ഏഴാം ക്ലാസ്സുകാരനായ സല്‍മാന് ഡെഡിക്കേറ്റ് ചെയ്ത് തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അവധി ചോദിച്ചുള്ള സല്‍മാന്റെയും അതിനുള്ള കളക്ടറുടെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

🙏 കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പരിപാടിയുടെ ലോഗോ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് പ്രകാശനം ചെയ്തു.

🙏 സാമൂഹിക മാധ്യമങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചയാള്‍ക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്.

🙏 തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈല്‍ പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശസ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

🙏 തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

🙏 ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും. ദുബൈയില്‍ നടന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

🙏 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപ്പണ്‍ ആക്സസ് ഫ്യൂവല്‍ ഫാമും എയര്‍ക്രാഫ്റ്റ് റിഫ്യൂവലിംഗ് സെന്ററും കമ്മീഷന്‍ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയത്.

🙏 കോഴിക്കോട് എംഎം അലി റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിലായി. എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെപി ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജറായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പൊലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്.

🙏 പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ഇന്നലെ കോഴിക്കോട് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. പി കെ ദിവാകരനെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് വടകര മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

🙏 തൃശൂര്‍ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു. മൂന്ന് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ നീന്തി കരക്കെത്തി. കൂരിക്കുഴി സ്വദേശി അന്‍സില്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

🙏 ആറാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (35) ആണ് പിടിയിലായത്.

🙏 മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വിനോദിന്റേയും വിനീതയുടേയും മകള്‍ വൈഗ വിനോദ് (16) പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ച് മരിച്ചു. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.

🙏 പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു.

🙏 വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി അകത്തുകയറി യുവാവിന്റെ ആക്രമണം. തിരുവനന്തപുരം സ്വദേശി രാജീവിനെതിരെയാണ് ഭാര്യയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭാര്യാമാതാവിനും സഹോദരിക്കും നേരെയാണ് ഇയാള്‍ അക്രമം നടത്തിയത്.

🙏 വയനാട്ടില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. തവിഞ്ഞാല്‍ മക്കിമല കാപ്പിക്കുഴിയില്‍ ആഷിഖ് (25), ആറാംനമ്പര്‍ ഉന്നതിയിലെ ജയരാജന്‍ (25) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

🇳🇪 ദേശീയം 🇳🇪

🙏 എഐഎഡിഎം
കെയും സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ അധികാര പങ്കിടല്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസാമി.

🙏 സ്‌കൂളില്‍ മദ്യക്കുപ്പികളുമായി എത്തിയ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തമിഴ്നാട് വിരുദുനഗര്‍ തിരുത്തങ്കലിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളിലെ അധ്യാപകനായ ഷണ്മുഖസുന്ദരത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

🙏 ബുര്‍ഖ ധരിച്ചതിന് ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ നാല് കശ്മീരി വിദ്യാര്‍ത്ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജമ്മു ആന്‍ഡ് കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി.

🙏 എംപിമാരുടെ ഭക്ഷണത്തിന് പുതിയ മെനു അവതരിപ്പിച്ച് ഇന്ത്യന്‍ പാര്‍ലമന്റ്. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവര്‍ ഉപ്പുമാവ്, മൂങ് ദാല്‍ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങള്‍, ഗ്രില്‍ഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമടക്കം ലഭിക്കുക. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്.

🙏 ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആധുനികവത്കരണം അത്യാവശ്യമായി നടപ്പാക്കണമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ഇന്നലത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ലെന്നും നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ യുദ്ധത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

🙏 കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജന എന്ന പേരിലാണ് പദ്ധതി. 100 കര്‍ഷക ജില്ലകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് 24000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. രാജ്യമാകെയുള്ള 1.7 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

🙏 ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളികള്‍ നേരിടുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ തെരുവുകളില്‍ നൂറുകണക്കിന് അനുയായികള്‍ക്കൊപ്പം പ്രകടനം നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളികളോടുള്ള പെരുമാറ്റരീതിയില്‍ തനിക്ക് ലജ്ജയും നിരാശയും തോന്നുന്നുവെന്ന് മമത പറഞ്ഞു.

🙏 ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടാന്‍ ഇന്ത്യന്‍ വ്യോമസേനയാണ് ലഡാക്കില്‍ വെച്ച് പരീക്ഷണ വിക്ഷേപണം നടത്തിയത്.

🙏 പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചെന്ന് പ്രധാന ദൃക്‌സാക്ഷിയുടെ മൊഴി. അക്രമി സംഘത്തിലുണ്ടായിരുന്ന മൂന്നു ഭീകരരാണ് ആകാശത്തേക്കു വെടിവച്ച് ആഹ്ലാദ പ്രകടനം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് ദൃക്സാക്ഷി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍

🇦🇺 അന്തർദേശീയം 🇦🇽

🙏 കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 4 മുതല്‍ 330 ദിവസത്തിനിടെ ബംഗ്ലാദേശില്‍ 2,442 വര്‍ഗീയ അക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ന്യൂനപക്ഷ അവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. അക്രമ സംഭവങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 4 നും ഓഗസ്റ്റ് 20 നും ഇടയിലാണ് നടന്നതെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

🙏 റഷ്യയുമായി വ്യാപാര ഇടപാടുകള്‍ തുടര്‍ന്നാല്‍ ഇന്ത്യക്കും, ചൈനയ്ക്കും, ബ്രസീലിനുമെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ. യു എസ് സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റുട്ടെയുടെ ഭീഷണി. റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ രണ്ടാം നിര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

🙏 ഇസ്രായേലിനും അമേരിക്കക്കുമെതിരെ കടുത്ത പരാമര്‍ശവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമനേി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ കണ്ടതിനേക്കാള്‍ വലിയ പ്രഹരം ഇറാനിയന്‍ ഭരണകൂടത്തിന് എതിരാളികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ചങ്ങലയിലെ നായ എന്നാണ് ഖൊമനേി ഇസ്രായേലിനെ വിശേഷിപ്പിച്ചത്.

🙏 ദമാസ്‌കസിലെ സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ അഞ്ച് സുരക്ഷാസൈനികര്‍ മരിക്കുകയും 18 പേര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു.

🏏  കായികം🏏

🙏 ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാലുവിക്കറ്റിന്റെ ജയം. ടോസ്‌നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ആറുവിക്കറ്റിന് 258 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Advertisement