കൊല്ലം :മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന സി.വി. പത്മരാജന്‍ (93) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം കൊല്ലത്തെ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കായിരുന്നു.
1982ൽ ചാത്തന്നൂരിൽനിന്ന് വിജയിച്ച് കെ. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന – ഫിഷറീസ് മന്ത്രിയായി. പിന്നീട് മന്ത്രിപദം രാജിവച്ചു കെപിസിസി പ്രസിഡന്റായി. 87ൽ തോറ്റെങ്കിലും 91ൽ വീണ്ടും വിജയം. വൈദ്യുതി- കയർ മന്ത്രിയും പിന്നീട് വൈദ്യുതി മന്ത്രിയുമായി. ഇക്കാലത്താണ്, 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്. കെ.കരുണാകരൻ അപകടത്തിൽപ്പെട്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ ആക്‌ടിങ് മുഖ്യമന്ത്രിയായി. 1994 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ധനം-കയർ- ദേവസ്വം മന്ത്രി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിട്ടുണ്ട്. സംസ്‌ഥാനം കണ്ട ഏറ്റവും മികച്ച സഹകാരികളിൽ ഒരാളായിരുന്നു സി.വി.പത്മരാജൻ. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ആക്‌ടിങ് പ്രസിഡന്റായിരുന്നു.
പരവൂർ കുന്നത്തു വേലു വൈദ്യർ- കെ.എം. തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22 നാണ് ജനനം. കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി സെന്റ് ബെർക്മാൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യബാച്ചിൽ ബിഎ പാസ്സായി. കോട്ടപ്പുറം സ്‌കൂളിൽത്തന്നെ 3 വർഷം അധ്യാപകനായി. എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടായിരുന്നു നിയമപഠനം. ഭാര്യ:
അഭിഭാഷകയായ വസന്തകുമാരി. മക്കൾ: അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോഫോൺ–ഐഡിയ, മുംബൈ). മരുമകൾ: സ്മിത.