വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം: കേസ്സെടുക്കണമെന്ന് കുടുംബം ഷാർജ പോലീസിൽ പരാതി നൽകി; മൃതദേഹം വിട്ടു നൽകാൻ ഭർത്താവിനെ കേൾക്കണമെന്ന് കേരള ഹൈക്കോടതി

333
Advertisement

ദുബായ്/കൊച്ചി: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മരണത്തിൽ
ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നൽകി.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെ അമ്മയും സഹോദരനും ചർച്ച നടത്തുകയാണ്.
മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. അതേസമയം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മയും കുടുംബവും പറയുന്നത്.

വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ
ഭർത്താവിനെ കക്ഷി ചേർക്കാൻ ഹൈകോടതി നിർദ്ദേശം നൽകി. ഭർത്താവിനെ കേൾക്കണമെന്നും കോടതി പറഞ്ഞു.
മതപരമായ ചടങ്ങുകൾ നടത്തണമെന്ന് കുടുംബം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയും കുഞ്ഞും മരിച്ചത്. ഒരാഴ്ച പിന്നിട്ട് ഇന്നാണ് ഇത് ഷാര്‍ജ പോലീസില്‍ ഗാര്‍ഹിക പീഡന പരാതിയായി എത്തുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവര്‍ ഷാര്‍ജയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ തുടര്‍നടപടിയിലുള്ള പ്രതീക്ഷയിലാണ് കുടുംബം.

Advertisement