ന്യൂഡൽഹി: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പ്രവേശന നടപടിയിൽ ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക്‌പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഇത്തവണത്തെ അഡ്മിഷൻ പ്രക്രിയ വൈകാതിരിക്കാൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ആഗസ്ത് 14നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കുമെന്നും, എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വി്ദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായി.
ഈ മാസം ഒന്നിന് പുതിയ ഏകീകരണ ഫോർമുലയുടെ അടിസ്ഥാനത്തിൽ കീം പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ സിലബസിലെയും വിദ്യാർഥികൾക്ക് തുല്യരീതിയിൽ മാർക്ക് വരുമെന്നതായിരുന്നു പുതിയ ഫോർമുലയുടെ പ്രത്യേകത. എന്നാൽ സിബിഎസ്ഇ വിദ്യാർഥി അടക്കമുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി റാങ്ക്പട്ടിക റദ്ദാക്കി. തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ, റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ലെന്ന് ജ സ്റ്റിസ് അനിൽ കെ നരന്ദ്രൻ, ജ സ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇതോടെയാണ് വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും അനിശ്ചിതാവസ്ഥ ഒഴിവാക്കാനും പഴയ മാനദണ്ഡപ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.
തുടർന്നാണ് ഹൈക്കോടതി സ്വാഭാവികനീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി 15 കേരള സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്