വീണ്ടും നടപടിയുമായി വി സി; രജിസ്ട്രാര്‍ക്ക് ഔദ്യോഗിക ആവശ്യത്തിന് നല്‍കിയ വാഹനം ഉപയോഗിക്കുന്നത് തടയാൻ നിര്‍ദേശം

33
Advertisement

തിരുവനന്തപുരം:കേരള സർവകലാശാലയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. സർവകലാശാല രജിസ്ട്രാർ കെ എസ് അനില്‍കുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാൻ വൈസ് ചാൻസലർ മോഹനനൻ കുന്നുമ്മല്‍ നിർദേശം നല്‍കി.

വാഹനം സർവകലാശാലയുടെ ഗ്യാരേജില്‍ സൂക്ഷിക്കാനാണ് നിർദേശം. നിലവില്‍ രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം അനില്‍കുമാർ തന്നെയാണ് ഉപയോഗിക്കുന്നത്. അത് തടയാനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ വി സി തുടങ്ങിയിരുന്നു. വി സി നിയോഗിച്ച രജിസ്ട്രാറായ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദേശം നല്‍കിയിരിക്കുന്നത്. കാറിന്റെ താക്കോല്‍ ഡ്രൈവറില്‍ നിന്നും വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കണമെന്നാണ് വി സിയുടെ നിർദേശം.

എന്നാല്‍ സെക്യൂരിറ്റി ഓഫീസർ ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് കെ എസ് അനില്‍കുമാർ അറിയിച്ചു. വാഹനം താൻ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇന്ന് സർവകലാശാലയില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോയത് ഔദ്യോഗിക വാഹനത്തില്‍ തന്നെയായിരുന്നു. പിന്നീട് വാഹനം കാര്യവട്ടത്തേക്ക് തിരിച്ചയച്ചു. നാളെ സർവകലാശാലയിലേക്ക് ഏഴുകയാണെങ്കില്‍ അത് ഔദ്യോഗിക വാഹനത്തില്‍ തന്നെ ആയിരിക്കുമെന്ന് കെ എസ് അനില്‍കുമാർ പറഞ്ഞു.

അതേസമയം, കേരള സർവകലാശാലയിലെ താത്ക്കാലിക വിസി മോഹനൻ കുന്നുമ്മല്‍ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിർവഹിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത വിദ്യഭ്യാസരംഗം കുളമായെന്നും, ചോദിക്കാൻ ആളില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനിടെ എസ് എഫ് ഐ ഇന്നും കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഒരു ഘട്ടത്തിലും മോഹനൻ കുന്നുമ്മലിനെ ഭീക്ഷണിപ്പെടുത്തിയിട്ടില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

Advertisement