യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ ബെയ് ലിൻ ദാസിന് ഏർപ്പെടുത്തിയ പ്രാക്ടിസ് വിലക്ക് ഉപാധികളോടെ പിൻവലിച്ചതായി ബാർ കൗൺസിൽ ഹൈകോടതിയിൽ. അഭിഭാഷക നൽകിയ പരാതിയെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പ്രാക്ടീസ് വിലക്കിയ നടപടി ചോദ്യംചെയ്ത് ബെയ് ലിൻ ദാസ് നൽകിയ ഹരജിയിലാണ് ബാർ കൗൺസിൽ വിശദീകരണം നൽകിയത്.
മേയ് 15നാണ് പ്രാക്ടീസ് വിലക്കി ബാർ കൗൺസിൽ ഉത്തരവിട്ടത്. നടപടി പിൻവലിക്കാൻ ഹരജിക്കാരൻ ബാർ കൗൺസിലിന് നിവേദനം നൽകിയിരുന്നു. ജൂലൈ 11ന് ചേർന്ന യോഗം നിവേദനം പരിഗണിച്ചശേഷം അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സഹകരിക്കണമെന്നതടക്കം ഉപാധികളോടെ പ്രാക്ടീസ് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ബാർ കൗൺസിൽ അറിയിച്ചു.
എന്നാൽ, കേസിൽ വിചാരണ നടക്കാനിരിക്കെ തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുന്നത് വിചാരണയെ ബാധിക്കുമെന്ന് ഹരജിക്കാരൻ വാദിച്ചു. അച്ചടക്കനടപടിയും ക്രിമിനൽ കേസും തമ്മിൽ ബന്ധമില്ലാത്തതിനാൽ കേസിന്‍റെ പേരിൽ അച്ചടക്കനടപടി പാടില്ലെന്ന വാദവും ഹരജിക്കാരൻ ഉന്നയിച്ചു.
ഇതുസംബന്ധിച്ച് ബാർ കൗൺസിലിന് വീണ്ടും നിവേദനം നൽകാൻ ഹരജിക്കാരനോടും അപേക്ഷയിൽ ഉചിത തീരുമാനമെടുക്കാൻ ബാർ കൗൺസിലിനോടും നിർദേശിച്ച കോടതി, ഹർജി തീർപ്പാക്കി.