തിരുവനന്തപുരത്ത് നിന്ന് കാണാതായ കുറ്റിച്ചൽ സ്വദേശിനിയെ തമിഴ്നാട് തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ ചിറക്കോണം സ്വദേശി ത്രേസ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുനെൽവേലി സ്വദേശി വിപിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്
കഴിഞ്ഞമാസം 24നാണ് ത്രേസ്യയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് നെയ്യാർഡാം പോലീസിൽ കുടുംബം പരാതി നൽകി. വർക്കലയിൽ ത്രേസ്യ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തമിഴ്നാട് തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ആളൊഴിഞ്ഞു പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുനെൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മധ്യവയസ്കയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആളില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നും നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിരുനെൽവേലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു