നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍. സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് യോഗം. യെമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നു.
മോചനശ്രമങ്ങളെ ശക്തിപ്പെടുത്താന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റ സഹോദരനുമായി സംസാരിച്ചു. യെമനിലെ സൂഫി പണ്ഡിതന്‍ മുഖേനയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ദയാധനം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയില്‍ കുടുംബം അനുകൂലമായി പ്രതികരിക്കുമെന്നാണ് കാന്തപുരത്തിന്റ പ്രതീക്ഷ. മോചനത്തിനായി ഇടപെടണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ കാന്തപുരത്തോട് അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം, യെമനില്‍ മറ്റന്നാള്‍ വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്, സര്‍ക്കാര്‍ സ്വകാര്യമായി നടത്തുന്ന ചര്‍ച്ചകളിലൂടെ നല്ലത് പ്രതീക്ഷിക്കാമെന്നും കേന്ദ്രം വിശദീകരിച്ചു. അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.