സാൽവേഷൻ ആർമി സംസ്ഥാന സാരഥികൾ സ്ഥാന നിയുക്തരായി; വെല്ലുവിളികൾ അതിജീവിക്കുവാൻ നല്ല ബന്ധങ്ങൾ സ്ഥാപിക്കണം: കേണൽ പ്രകാശ് ചന്ദ പ്രധാൻ

Advertisement

തിരുവനന്തപുരം:
സഭയുടെ വിശ്വാസ പ്രമാണങ്ങളോടുള്ള കൂറും, ആത്മ നേട്ടത്തിനായുള്ള അചഞ്ചലമായ സമർപ്പണവും ഉയർത്തിപ്പിടിച്ച
ചടങ്ങിൽ ആഗോള രക്ഷാസൈന്യസഭയുടെ മലയാള മണ്ണിലെ (ഇന്ത്യാ സൗത്ത് വെസ്റ്റേൺ ടെറിട്ടറി) പുതിയ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
കവടിയാർ കമ്മീഷണർ പി ഇ ജോർജ്, മെമ്മോറിയൽ ചർച്ചിൽ നടന്ന ചടങ്ങിൽ
കമ്മീഷണർ വിൽഫ്രഡ് വറുഗീസും കമ്മീഷണർ പ്രേമാ വിൽഫ്രഡും ചേർന്നാണ് സ്ഥാനാരോഹണ ശുശ്രൂഷ നിർവ്വഹിച്ചത്.
നാം നേരിടുന്ന വെല്ലുവിളികൾ എത്ര കഠിനമായിരുന്നാലും മാനസികമായ ഐക്യമുണ്ടങ്കിൽ വിജയം സുനിശ്ചിതമാണന്ന് കമ്മീഷണർ വിൽഫ്രഡ് വറുഗീസ് പറഞ്ഞു.
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോൺ ജോസഫ് അധ്യക്ഷനായി.
ശുശ്രൂഷയ്ക്കായി എത്തിച്ചേർന്ന
പുതിയ സംസ്ഥാന നേതാക്കളെ സ്വീകരിച്ച് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
കമ്മീഷണർ എംസി ജെയിംസിൻ്റെ പ്രാർത്ഥനയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോസഫ് പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി.
സാൽവേഷൻ ആർമി ജനറൽ ലിൻഡൻ ബക്കിംഗ്ഹാമിൻ്റെ സന്ദേശം ചടങ്ങിൽ കമ്മീഷണർ വിൽഫ്രഡ് വറുഗീസ് വായിച്ചു. സെൻട്രൽ ചർച്ച് സോംങ് സ്റ്റേഴ്സ് ബ്രിഗേഡ് സ്വാഗത ഗാനം ആലപിച്ചപ്പോൾ പുതിയ നേതാക്കൾക്ക് സംസ്ഥാനത്തിൻ്റെ സ്വീകരണം നൽകി.
മേജർ ആശാ ജസ്റ്റിൻ, ലെഫ്.കേണൽ ഡേവിഡ്സൺ വർഗീസ്, ജൂനി കോശി മറിയം, ശ്യം അരുവിക്കര, പോൾ രാജ് കുമാർ ലെഫ്.കേണൽ ജോസ് പി മാത്യു, ലെഫ്.കേണൽ സജൂഡാനിയേൽ, ലെഫ്.കേണൽ സി.ജെ ബെന്നി മോൻ, ലെഫ്.കേണൽ എൻ ഡി ജോഷ്വാ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന മുഖ്യസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർ ടിം ബ്രൽ ഡിസ്പ്ലേ അവതരിപ്പിച്ചു.
കേണൽ റാണി ഫൂലെ പ്രധാൻ മറുപടി പ്രസംഗം നടത്തി.കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ തിരുവചന സന്ദേശം നൽകി. മറ്റുള്ളവർക്ക് വേണ്ടി കഷ്ടത അനുഭവിക്കുമ്പോൾ മാത്രമേ ക്രിസ്തീയ ദൗത്യം പൂർണ്ണമാകയുള്ളുവെന്നും സമൂഹത്തിൽ നല്ല ബന്ധം സൃഷ്ടിക്കുന്നതിന് ദയയും ക്ഷമയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ ജീവിത മാതൃക പിന്തുടരുന്നവർ തള്ളപ്പെട്ടവരുടെ അരികിലേക്ക് കടന്നു ചെല്ലണം. നല്ല ബന്ധങ്ങൾ ഉണ്ടാകുകയും ഹൃദയത്തെ അതിൻ്റെ പരിശുദ്ധിയിൽ സംരക്ഷിക്കുകയും ചെയ്യുമ്പോൾ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലെഫ്.കേണൽ സോണിയാ ജേക്കബ് സമർപ്പണ ഗാനം നയിച്ചു . സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആശീർവദിച്ചു.
മൂന്നര മണിക്കുറോളം നീണ്ടു നിന്ന ശുശ്രൂഷയിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സഭാ അംഗങ്ങളും നടത്തിപ്പുകാരും പങ്കെടുത്തു.

Advertisement