സമരം ചെയ്യുന്ന എസ്എഫ്ഐയെ കണ്ടു പഠിക്കണം,യൂത്ത് കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി പിജെ കുര്യൻ

48
Advertisement

പത്തനംതിട്ട.കോൺഗ്രസ് വേദിയിൽ യൂത്ത് കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി മുതിർന്ന നേതാവ് പി ജെ കുര്യൻ..സമരം ചെയ്യുന്ന എസ്എഫ്ഐയെ കണ്ടു പഠിക്കണം. യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ ടിവിയിൽ മാത്രമാണ് കാണുന്നതെന്നും പിജെ കുര്യൻ..എന്നാൽ തെരുവിലെ സമരങ്ങളിൽ യൂത്ത് കോൺഗ്രസുകാർ ഉണ്ടെന്ന് കുര്യനെ അതേ വേദിയിൽ തിരുത്തി രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി.

കെപിസിസി അധ്യക്ഷനെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു പത്തനംതിട്ടയിൽ ഡിസിസി സംഘടിപ്പിച്ച സമര സംഗമത്തിൽ പിജെ കുര്യന്റെ രൂക്ഷ വിമർശനം. സംഘടനാ പ്രവർത്തനം ടിവിയിൽ മാത്രം പോര.
നാട്ടിൽ ഇറങ്ങി ആളെ കൂട്ടണം. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. എസ്എഫ്ഐയുടെ സർവ്വകലാശാല സമരത്തെ പ്രശംസിക്കാനും കുര്യൻ മറന്നില്ല.

അവിടെയും അവസാനിച്ചില്ല വിമർശനങ്ങൾ.തന്റെ നിർദ്ദേശം അവഗണിച്ചതോടെ കഴിഞ്ഞതവണത്തെ പത്തനംതിട്ടയിലെ സ്ഥാനാർഥിനിർണയം പാളിയെന്ന് പിജെ കുര്യൻ തുറന്നടിച്ചു.. തന്റെ നിർദ്ദേശം കേട്ടിരുന്നെങ്കിൽ 3 സീറ്റ് എങ്കിലും ജയിക്കുമായിരുന്നു എന്നും കുര്യൻ

എന്നാൽ കുര്യന്റെ വിമർശനത്തിന് അതേ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടി. കുടുംബ സംഗമത്തിൽ യൂത്ത് കോൺഗ്രസുകാർ ഇല്ലെങ്കിലും തെരുവിലെ സമരങ്ങളിൽ ആളുണ്ടെന്ന് രാഹുൽ

കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തുന്ന സമരങ്ങളെ പ്രതിപക്ഷനേതാവ് ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുമ്പോൾ ആണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പിന്തുണ.. കെപിസിസിയുടെ പുതിയ നേതൃത്വത്തെ വേദിയിൽ ഇരുത്തിക്കൊണ്ട് മുതിർന്ന നേതാവിന്റെ വിമർശനം പത്തനംതിട്ടയിലെ പാർട്ടിയിൽ ഇതിനകം തന്നെ ചർച്ചയായി തുടങ്ങിയിട്ടുണ്ട്. പിജെ കുര്യനെതിരെ ഒരു വിഭാഗം നേതാക്കൾ ഇതിനോടകം പാർട്ടിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. വിശാലമായി ഉണ്ടുസുഖിച്ച് കഴിഞ്ഞിട്ട് കഷ്ടപ്പെടുന്നവരുടെ ചോറില്‍ മണ്ണുവാരിയിടുന്ന സമീപനവുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തിറങ്ങിയെന്നാണ് ഒരു നേതാവിന്‍റെ രഹസ്യപ്രതികരണം

Advertisement