മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ട് മരണം. എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയോടെ ആയിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ഓയില്‍ മൂവ്‌മെന്റ് ഏരിയയിലെ സംഭരണ ടാങ്കിന്റെ പ്ലാറ്റ്‌ഫോമില്‍ തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് ബോധരഹിതരായി കിടക്കുന്ന ഇരുവരെയും കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.