വാടി- തങ്കശ്ശേരി റൂട്ടില്‍ ക്യൂ.എസ്.എസ് സൊസൈറ്റി കെട്ടിടത്തിനു സമീപം അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച 10 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുജി, സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പത്മജ, അനില എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സമീപത്തെ റേഷന്‍ കടകളിലും കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ കൊല്ലം മെയിന്‍ എന്‍.എഫ്.എസ്.എ ഡിപ്പോയില്‍ സൂക്ഷിക്കും. ഓണക്കാലം പ്രമാണിച്ച് പ്രത്യേക പരിശോധനാ സംഘങ്ങള്‍ രൂപീകരിച്ച് ജില്ലയിലൊട്ടാകെ പൊതു വിപണികളിലും റേഷന്‍ കടകളിലും പരിശോധന നടത്തും. അടഞ്ഞു കിടക്കുന്ന ഗോഡൗണുകള്‍, റേഷന്‍ സാധനങ്ങള്‍ കടത്തുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങള്‍ എന്നിവ നിരീക്ഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍ അറിയിച്ചു.