തൊടുപുഴ. നിർമ്മാണം നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. വനംവകുപ്പിന്റെ അനുമതിയില്ലാതെ വനഭൂമിയിൽ നിർമ്മാണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് വിധി. കോടതിയിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായി എന്നും ഇടുക്കിയിലെ ജനതയോടുള്ള വഞ്ചനയാണ് എന്നും കോൺഗ്രസ് പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ അടിമാലി വെള്ളത്തൂവൽ പള്ളിവാസൽ പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
കാലങ്ങളായുള്ള കാത്തിരിപ്പിന് പിന്നാലെയാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീതി കൂട്ടിയുള്ള റോഡ് നിർമ്മാണം പുരോഗമിച്ചിരുന്നത്. നേര്യമംഗലത്ത് നിന്ന് വാളറ വരെ നീളുന്ന വനഭൂമിയിൽ മരം വെട്ടിയും കുന്നിടിച്ചും നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. മെയ് മാസത്തിൽ നിർമ്മാണത്തിന് അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നുവെങ്കിലും റിവ്യൂ ഹർജി നൽകിയതിന് പിന്നാലെ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു. പരിസ്ഥിതി പ്രവർത്തകനായ എം എൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനവിധി. വനം വകുപ്പിനെ അനുകൂലിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം ആണ് നിലവിലെ ഉത്തരവിന് കാരണം എന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. സർക്കാരിന്റെത് ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുന്ന ഇരട്ടത്താണ എന്നും ഡീൻ കുര്യാക്കോസ്.
രാജഭരണകാലത്ത് തന്നെ ഡി നോട്ടിഫൈ ചെയ്ത ഭൂമിയിൽ നിർമ്മാണം പുരോഗമിക്കുകയായിരുന്നു എന്നാണ് ഇടുക്കിയിലെ കോൺഗ്രസിന്റെ വാദം. അതേസമയം നിർമ്മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നും, അനുമതി കൂടാതെയാണ് വനമേഖലയിലെ മരം മുറിച്ചത് എന്നും കോടതി നിരീക്ഷിച്ചു. സർക്കാർ നിലപാടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വരും ദിവസങ്ങളിൽ തുടർ സമരവുമായി മുന്നോട്ടു പോകാനാണ് യുഡിഎഫിന്റെ തീരുമാനം.