തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിവാദ വസ്തുവിലെ കല്ലറകള്‍ പൊളിക്കുമെന്ന് മകന്‍. വസ്തു അയല്‍വാസിയായ വസന്തയുടേതെന്ന കോടതി വിധിക്ക് പിന്നാലെയാണ് മകന്റെ പ്രതിഷേധ നീക്കം. സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു മകന്‍ രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു.
അതിയന്നൂര്‍ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാന്‍ മകന്‍ രഞ്ജിത് കുഴിയെടുക്കുന്ന ഈ ദൃശ്യം അന്ന് കേരളമാകെ ചര്‍ച്ച ചെയ്തതാണ്. 2020 ഡിസംബര്‍ 28 നായിരുന്നു സംഭവം. പിന്നോക്ക വിഭാഗത്തിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ ആയിരുന്നു തര്‍ക്കം. അയല്‍വാസി വസന്ത ഭൂമിയില്‍ ഉടമസ്ഥ അവകാശവുമായി കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങി. ഒഴിപ്പിക്കല്‍ നടപടിക്കിടെ രാജനും അമ്പിളിയും തലയില്‍ കൂടി മണ്ണെണ്ണ ഒഴിച്ചു പ്രതിഷേധിച്ചു.
പിടിച്ചു മാറ്റുന്നതിനിടെ തീ പടര്‍ന്നു രാജനും അമ്പിളിയും മരിച്ചു. പിന്നാലെ സര്‍ക്കാര്‍
സഹായ ധനം ഉള്‍പ്പടെ അനുവദിച്ചിരുന്നു. വിവാദ ഭൂമിയില്‍ തന്നെയാണ് രാജന്റെ
മക്കള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും വീണ്ടും വസ്തു വസന്തയുടേത് തന്നെയെന്ന് വിധി വന്നു.ഇതോടെയാണ് മകന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടു ഉന്നത കോടതികളെ സമീപിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നുണ്ട്.