കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ കേരളത്തിലെത്തും

668
Advertisement

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ കേരളത്തിലെത്തും. 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരിൽ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി രാത്രിയോടെ ഡൽഹിക്ക് പോകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാർതുഡല പ്രതിനിധികളുടെ യോഗത്തിൽ ‘കേരളം മിഷൻ 2025’ അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാർഡ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.
ബിജെപി വാർഡ് ഭാരവാഹികളല്ല, ‘വികസിത ടീം’ എന്ന പേരിൽ രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായ ശേഷം ഓരോ വാർഡിലും പ്രത്യേകം തിരഞ്ഞെടുത്ത 5 പേരാണു യോഗത്തിൽ പങ്കെടുക്കുക. കേരളത്തിലെ ഏകദേശം 17,900 വാർഡുകളിൽ ബിജെപിക്ക് ഭാരവാഹികൾ ഉണ്ട്. ഇതിൽ 10,000 വാർഡുകളിൽ ജയമാണു ലക്ഷ്യം. നിലവിൽ 1650 വാർഡുകളിലാണ് ബിജെപി ജയിച്ചത്. 10 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും ലക്ഷ്യമിടുന്നുണ്ട്.

Advertisement