ന്യൂഡെല്‍ഹി. ആക്സിയം ഫോർ ദൗത്യം അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടെ നാലു പേരാണ് 13 ദിവസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്നത്. ഇതുവരെ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങൾ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് വിവരിച്ചു
സർക്കാർ സഹായത്തോടെയുള്ള സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം ഫോർ. 31 രാജ്യങ്ങൾ നിർദ്ദേശിച്ച അറുപതോളം ശാസ്ത്ര പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തുന്നത്. ദൗത്യത്തിന്റെ ഇതുവരെയുള്ള പുരോഗതി സംഘം ആക്സിയം സ്പേസ് ചീഫ് സയന്റിസ്റ്റുമായി വിലയിരുത്തി. ഭാവിയിലെ ബഹിരാകാശ യാത്രകൾക്കും ഗവേഷണങ്ങൾക്കും സഹായകരമാകുന്ന പരീക്ഷണങ്ങൾ നടത്തിയെന്ന് മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ
ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് മൈക്രോ ഗ്രാവിറ്റി, ബഹിരാകാശ ഗവേഷണം എന്നിവയിലേക്ക് വാതിൽ തുറന്നിടുന്ന ദൗത്യം എന്ന് ശുഭാംശവും ശുക്ല പറഞ്ഞു. മൂലകോശ ഗവേഷണം മുതൽ വിത്ത് മുളപ്പിക്കൽ വരെയുള്ള വിവിധ പരീക്ഷണങ്ങൾ ചെയ്തെന്നും ശുഭാംശു
മൂലകോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും കേടുപാടുകൾ പെട്ടെന്ന് പരിഹരിക്കാനും ഉതകുന്ന പരീക്ഷണങ്ങൾ നടത്തിയത് തന്നെ ആവേശഭരിതനാക്കി എന്നും ശുഭാംശു പറഞ്ഞു. നാളെയാണ് ആക്സിയം ഫോർ സംഘത്തിൻറെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനിച്ചിരിക്കുന്നത്