കൊച്ചി/തിരുവനന്തപുരംകീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്‌ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി. നടപടിയില്‍ ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.
കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികള്‍ക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതല്‍ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളില്‍ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.






































