തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. രക്തം ദാനം ചെയ്യാൻ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി, രക്തം ആവശ്യമുള്ളവരിൽ നിന്ന് വലിയ തുക മുൻകൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു.
രക്തം ആവശ്യമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്നത് തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. രക്തദാനത്തിനായുള്ള കേരള പോലീസിന്റെ ‘പോൽ-ബ്ലഡ്’ പദ്ധതിയിലേക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങി രക്തം ദാനം ചെയ്യുന്നത് 1998 ജനുവരി മുതൽ രാജ്യത്ത് നിരോധിച്ചിട്ടുള്ള കാര്യമാണ്.
രക്തം ആവശ്യമുള്ളവരും ദാതാക്കളും കേരള പൊലീസിന്റെ പോൽ-ബ്ലഡ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിയമാനുസൃതവും സുരക്ഷിതവുമായ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും പോലീസ് ഊന്നിപ്പറയുന്നു. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് polblood.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ അറിയിക്കാവുന്നതാണ്.