നാളെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തും. ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
‘കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ച് അവര്‍ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു അസംതൃപ്തിയുമില്ല’-ഗണേഷ് കുമാര്‍ പറഞ്ഞു.
പണിമുടക്കിന് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് എന്റെ വിശ്വാസം. സമരം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്ആര്‍ടിസിക്കുള്ളത്’-മന്ത്രി പറഞ്ഞു.