മലപ്പുറം. കാളികാവിൽ കൂട്ടിലകപ്പെട്ട നരഭോജി കടുവയെ ചികിത്സയ്ക്കായി തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും. അവശതയിലുള്ള കടുവയുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഏറെനേരം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കരുവാരകുണ്ട് എസ്റ്റേറ്റിൽ നിന്ന് കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊണ്ടുപോകാനായത്.
കൂട്ടിലകപ്പെട്ടിട്ടും ശൗര്യം ഒട്ടും കുറയാതെ പലതവണ നരഭോജിക്കടുവ ചീറി. മുഖത്ത് മുറിവ് പറ്റിയിട്ടുണ്ട്. കൂടിന്റെ കമ്പിയിൽ ഇടിച്ചുള്ള മുറിവെന്ന് പ്രാഥമിക നിഗമനം. 13 വയസ്സുള്ള പെൺകടുവയാണ്. ചികിത്സിക്കായി തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് ഉടൻ മാറ്റും.കാട്ടിലേയ്ക്ക് ഉടൻ വിടില്ലെന്ന് വനം മന്ത്രി
കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച വനംവകുപ്പിന്റെ കൂട്ടിൽ കടുവ അകപ്പെട്ടതോടെ ആശ്വാസം. പക്ഷേ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കടുവയെ സമീപത്തെ കാട്ടിൽ തന്നെ വിടരുതെന്ന് നാട്ടുകാർ.
ഒടുവിൽ തൃശൂർ മൃഗശാലയിലേക്ക് മാറ്റുമെന്ന് എഴുതി നൽകിയ ഉറപ്പിനെ തുടർന്നാണ് കൊണ്ടുപോകാൻ ആയത്. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയ്ക്കായി മെയ് 15 മുതൽ തിരച്ചിൽ നടത്തുകയായിരുന്നു വനം വകുപ്പ്. കാളികാവ് കരുവാരകുണ്ട് മേഖലയിൽ നിന്ന് താൽക്കാലികമായെങ്കിലും കടുവാഭീതി ഒഴിഞ്ഞു എന്നും ആശ്വസിക്കാം.
REP. IMAGE