വാഹനത്തില്‍ ചെറുനാരങ്ങയും പച്ചക്കറികളും വില്‍പ്പന നടത്തുന്നതിന്റെ മറവില്‍ വീട് വാടകക്കെടുത്ത് മെത്താഫിറ്റമിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. പുതിയങ്ങാടി ഇട്ടമ്മല്‍ സ്വദേശി പി കുഞ്ഞി അഹ്‌മദിനെയാണ് (52) 3.562 ഗ്രാം മെത്തഫിറ്റാമിനുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പാപ്പിനിശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജസീര്‍ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെങ്ങരയില്‍ വാടക വീടെടുത്തായിരുന്നു മയക്കുമരുന്ന് കച്ചവടം. ലോറി ഡ്രൈവര്‍ എന്ന നിലയില്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി ചെറുനാരങ്ങ, പച്ചക്കറികള്‍ എന്നിവക്കൊപ്പമാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നിരുന്നത്.
കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി കണ്ടെത്തി. വാടക വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്താറുണ്ടെന്നും യുവതികളടക്കം എത്താറുണ്ടെന്നും എക്സൈസ് സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പഴയങ്ങാടി, പുതിയങ്ങാടി, വെങ്ങര, ചെമ്പല്ലിക്കുണ്ട്, ഏഴിലോട്, പിലത്തറ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഒരു മാസമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. അസ്സി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി എം കെ സജിത്ത്കുമാര്‍, എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പി പി രജിരാഗ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ സനിബ്, എം കെ വിവേക്, വനിതാ എക്സൈസ് ഓഫീസര്‍ കെ വി ഷൈമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
































