തലയോലപ്പറമ്പ്.സർക്കാർ നൽകിയ ഉറപ്പുകളിൽ പ്രതിക്ഷയർപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച
ബിന്ദുവിന്റെ കുടുംബം. നഷ്ടപരിഹാരത്തിന് പുറമെ ബിന്ദുവിന്റെ മകന് താൽകാലിക ജോലിയും മകളുടെ ചികിത്സയും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്കീം വഴി വീട് നവീകരിക്കാനുള്ള പണം നൽകുമെന്ന് മന്ത്രി ആർ ബിന്ദു കുടുംബത്തെ അറിയിച്ചു.
രണ്ടര സെന്റിലെ പണി തീരാത്ത വീടും ഒരുപാട് സ്വപ്നങ്ങളും ബാക്കിയാക്കിയാണ് ബിന്ദു പോയത്. ബിന്ദുവിന്റെ മകന് സ്ഥിരം ജോലിയടക്കം സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
വീട് നവീകരിക്കാനുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പേരിൽ പ്രഖ്യാപിച്ച 5 ലക്ഷം രൂപ 10 ദിവസത്തിൽ കൈമാറുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.
നൽകിയ ഉറപ്പുകൾ പാലിക്കപ്പെടണമെന്ന് ബിന്ദുവിന്റെ കുടുംബം പറഞ്ഞു.
ബിന്ദുവിന്റെ മകളെ തിങ്കളാഴ്ച വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്കൂടി പരിഗണിച്ച ശേഷം മന്ത്രി വീണ ജോർജ് തലയോലപ്പറമ്പിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സമിതിയഗം
കെ അനിൽകുമാർ അറിയിച്ചു.