ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി

2729
Advertisement

കണ്ണൂര്‍: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്‌ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ്. 2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തില്‍ അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
അന്ന് അസ്‌നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറില്‍ അസ്‌നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാല്‍ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ നിശ്ചയദാര്‍ഡ്യത്തോടെ അസ്‌ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 2013ല്‍ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന.

Advertisement