കോഴിക്കോട്. കൂടരഞ്ഞി കൊലപാതകക്കേസിലെ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 36 വർഷം മുമ്പ് കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് വച്ച് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മതം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്നാണ് മുഹമ്മദലിയുടെ മൊഴി. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്. മലപ്പുറം വേങ്ങര പോലീസിനോടാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. 39 വർഷം മുമ്പ് കൂടരഞ്ഞിയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്നും മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ തിരുവമ്പാടി പൊലിസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു വെളിപ്പെടുത്തൽ. കൂടരഞ്ഞി കേസിൽ മരിച്ചയാളെ തിരിച്ചറിയാനായി പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ
ഫോറൻസിക് വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന RDO കോടതിയിൽ നിന്നുള്ള രേഖകളും പോലീസ് തേടിയിട്ടുണ്ട്. രണ്ട് വെളിപ്പെടുത്തലുകളിലും മരിച്ചവരെ തിരിച്ചറിഞ്ഞ ശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്