തിരുവനന്തപുരം:
ഇന്ന് ജൂലൈ 5. സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. തലമുറകള്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനായ വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനമാണ് ഇന്ന്.
മലയാളിയുടെ നാവിന് തുമ്പില്‍ ഭാഷയുടെ മാധുര്യം ആവോളം എത്തിച്ച, ചിരിയും ചിന്തയും ഒരുമിച്ച് തൂലികയില്‍ ജനിപ്പിച്ച, നഗ്നസത്യങ്ങള്‍ കഥകളിലൂടെ ഉറക്കെപ്പറഞ്ഞ നവോത്ഥാന മാനവികതയ്ക്കും അപ്പുറത്തേക്ക് വളര്‍ന്ന ചരിത്ര പുരുഷനാണ് ബഷീര്‍.
അവ്യക്തവും, വിഷലിപ്തവുമായ പിളര്‍പ്പുകള്‍ക്കും അന്ധവിശ്വാസത്തിനുമെതിരെ ബഷീറിന്റെ തൂലിക അതിശക്തമായി ചലിച്ചു. പിറന്നു വീണത്, പകരം വെക്കാനില്ലാത്ത വിശ്വ സാഹിത്യ സൃഷ്ടികള്‍. ബാല്യകാലസഖി, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്, ഇവയിലെല്ലാം നാം കേട്ടത് പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ സത്യ സ്പന്ദനങ്ങള്‍!
തിരിച്ചടികളും കഷ്ടതകളും സമ്മാനിച്ച കയ്‌പേറിയ ജീവിതം, ജയില്‍വാസം, ഇവയെല്ലാം ബഷീറിനേ കഠിനഹൃദയന്‍ ആക്കിയില്ല.സ്‌നേഹത്തിന്റെയും കനിവിന്റെയും നാട്ടു ഭാഷയുടെയും സുല്‍ത്താന്‍ ആയി ഈ വന്മരം നിലകൊണ്ടു. എഡിന്‍ബറോ സര്‍വകലാശാലയിലും ഓറിയന്റ് ലോങ്മന്‍ സ്റ്റാളുകളിലുമെല്ലാം സുപരിചിതരാണ് പൊങ്കുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും, ആനവാരി രാമന്‍ നായരും മണ്ടന്‍ മുസ്തഫയും മുച്ചീട്ടു കളിക്കാരന്റെ മകള്‍ സൈനബയും എല്ലാം.
മതിലുകളും ഭാര്‍ഗവിനിലയവും ബാല്യകാല സഖിയും പ്രേമലേഖനവും എല്ലാം വെള്ളിത്തിരയെ സമ്പന്നമാക്കി.വയലാലില്‍ വീട്ടിലെ മാംഗോ സ്‌റ്റൈന്‍ തണലില്‍ ഇരുന്നാണെങ്കിലും, വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ചെടുത്തത് വിശ്വ സാഹിത്യത്തിന്റെ മട്ടുപ്പാവിലെ ഇരിപ്പിടം തന്നെ.
1908 ജനുവരി 21-ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. തലയോലപ്പറമ്പിലുള്ള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലിഷ് സ്‌കൂളിലും പഠിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ ചേർന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോഴിക്കോട്ടു നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതിന്റെ പേരിൽ മർദ്ദനത്തിനിരയാകുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു; പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നീ കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു.
കഥാ പുരോഹിതന്, മലയാളത്തിന്റെ ദസ്തയോവിസ്‌കിക്ക് സ്മരണാഞ്ജലി.