2025 ജൂലൈ 05 ശനി
BREAKING NEWS
👉ആരോഗ്യ മേഘലയിലെ പ്രശ്നങ്ങൾ ഉയർത്തി ഇന്നും സംസ്ഥാനത്ത് പരസ്യ പ്രതിഷേധം
👉കോട്ടയത്തെ സംഭവം ഒറ്റപ്പെട്ടതെന്ന് സി പി എം മുഖപത്രം ദേശാഭിമാനി
👉 സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് നിപ ബാധിച്ച് മരിച്ചത്.

👉മരണ ശേഷമാണ് ഇവര്‍ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്.
👉 കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു.
🙏 സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

👉മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്
🌴കേരളീയം 🌴
🙏 കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തി നല്‍കി.

🙏 കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
🙏 മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് . സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായി ധനസഹായമുള്‍പ്പെടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു.

🙏 യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
🙏 മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

🙏 വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നതില്‍ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിന്റെ അകത്ത് നിന്ന് തീ ഉയര്‍ന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു.
🙏വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോണ്‍ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു.

🙏 ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി. ഇടുക്കി മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം.
🙏 ഗവര്‍ണര്‍മാരുടെ അധികാരങ്ങളും ചുമതലകളും കേരളത്തിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഇന്നലെ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.

🙏 മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചു.
🙏 തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം.

🙏 കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
🙏 വൈസ് ചാന്‍സിലര്‍ക്ക് റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സര്‍വകലാശാലയിലെ ഭാരതാംബാ വിവാദത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിന്‍ഡിക്കേറ്റ് ചേരുന്നില്ലെങ്കില്‍ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.

🙏 സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍നല്‍കിയ ഹര്‍ജിയിലാണ് നടപടി.
🙏 കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കി ഉന്നതവിദ്യാഭ്യാസമന്ത്രി. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് സിസ തോമസിന് നല്‍കിയ കത്തില്‍ ആര്‍ ബിന്ദു വ്യക്തമാക്കിയത്.

🙏 തൃശൂരില്‍ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയില്‍. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറില്‍ നിന്നാണ് തൃശ്ശൂര്‍ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നേപ്പാള്‍ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തത്.
🙏 ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്.

ദേശീയം
🙏 ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രിനിഡാഡ് ആന്റ് ടുബാഗോ പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 തമിഴ്നാട് നീലഗിരിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പൊലീസുകാരോട് 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകന്‍ സെന്തില്‍ കുമാര്‍ അറസ്റ്റിലായത്.

🙏 രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്.
🙏 ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തില്‍ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

🙏 യുവാവായ രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍ യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി. അസമിലെ സില്‍ച്ചാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മണിപ്പൂരിലെ ജിരിബം ജില്ലയിലെ 28കാരനായ അതികുര്‍ റഹ്‌മാന്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
🙏 കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്.

അന്തർദേശീയം
🙏 ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ ആയുധ പരീക്ഷണ കേന്ദ്രമാക്കി ചൈന ഉപയോഗിച്ചതായി ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍ സിംഗ്. പാകിസ്ഥാന് ഡ്രോണുകളും പരിശീലനം ലഭിച്ച ജീവനക്കാരും നല്‍കിയ തുര്‍ക്കി ഉള്‍പ്പെടെ മൂന്ന് എതിരാളികളെയാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🙏താപനില ഉയര്‍ന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു.

🙏 ഇറാനെതിരെ പ്രതിരോധം ശക്തമാക്കാന്‍ സേനകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്റെ ആണവ-മിസൈല്‍ ശേഷികള്‍ വീണ്ടെടുക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു.
🙏 അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ പിന്‍വലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇറാനില്‍ നിന്ന് മടങ്ങി.
🙏 ഭക്ഷണത്തിനായി വിതരണ കേന്ദ്രത്തിലെത്തിയ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സഹായ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 118 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

🙏 ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ജൂണ്‍ 13 മുതല്‍ അടച്ചിട്ടിരുന്ന വ്യോമാതിര്‍ത്തികള്‍ ഇറാന്‍ തുറന്നു. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഖൊമൈനി എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ അറിയിച്ചു.

🏏 കായികം 🏏
🏏 ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 77 ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച് 84 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ 158 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റേയും 184 റണ്‍സെടുത്ത ജാമി സ്മിത്തിന്റേയും 303 റണ്‍സിന്റെ കൂട്ടുകെട്ടാണ് രക്ഷിച്ചത്.