കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണുള്ള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം കാരണമാണ് ബിന്ദു മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഭാരമുള്ള വസ്തുക്കള്‍ ശരീരത്തേക്ക് വീണിട്ടാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോണ്‍ക്രീറ്റ് തൂണുകള്‍ വീണ് ബിന്ദുവിന്റെ തലയോട്ടി തകര്‍ന്നതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരിക്കേറ്റിരുന്നു. തലയോട്ടിയും തകര്‍ന്നിരുന്നുവെന്നുംവാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ ബിന്ദു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടിയാണ് മരിച്ചെന്ന വാദവും ഉയര്‍ന്നിരുന്നു. ഈ വാദങ്ങള്‍ തളളുന്ന രീതിയിലുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നത്. രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍ ബിന്ദുവിനെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സമയത്ത് ശ്വാസം ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നത്.അതേസമയം, ബിന്ദുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു. മകന്‍ നവനീതാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം. രാവിലെ പത്ത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നത്. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം നേതാക്കളും വന്‍ ജനാവലിയും ഇവിടെ എത്തിയിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി.