കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: മന്ത്രിമാർ ദുരന്തത്തിൻ്റെ ആഴം മറച്ചുവെച്ചു;പ്രതിഷേധം അലയടിക്കുന്നു, ഡിസ്ചാർജ് അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എം എൽ എ

125
Advertisement

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോർജും, വി എൻ വാസനും അപകടത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചതായി ആരോപണം. അപകടത്തെ തുടർന്ന് ന്യൂറോ വിഭാഗത്തിലെ ഓപ്പറേഷൻ തീയേറ്റർ അടച്ചതിനാൽ രോഗികളോട് ഡിസ്ചാർജ് വാങ്ങി പോകാൻ അധികൃതർ നിർദ്ദേശിച്ചു. ഇതോടെ ലക്ഷദ്വീപിൽ നിന്നുൾപ്പെടെയെത്തിയ നൂറ് കണക്കിന് രോഗികൾ വഴിയാധാരമായി.
രാവിലെയെത്തിയ മന്ത്രിമാർ പറഞ്ഞത് അടച്ചിട്ടിരുന്ന കെട്ടിട ഭാഗമായതിനാൽ വൻതോതിൽ കാഷ്വാലിറ്റി ഇല്ല എന്നാണ്. രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റന്നായിരുന്നു വി എൻ വാസവൻ്റെ പ്രതികരണം. അടച്ചിട്ടിരുന്ന കെട്ടിടമായിരുന്നു ഇത് എന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്. അവരുടെ പ്രതികരണങ്ങൾ രക്ഷാ പ്രവർത്തനത്തിൻ്റെ ആക്കം കുറച്ചു. സംഭവത്തെ നിസ്സാരവല്ക്കരിച്ച് മന്ത്രിമാർ സംസാരിച്ചതുകൊണ്ട് രക്ഷാപ്രവർത്തനം നടത്താൻ വൈകിയതാണ് ബിന്ദു മരിക്കാൻ ഇടയാക്കിയെതന്നാണ് ആരോപണം. അടച്ചിട്ടിരുന്ന ഉപയോഗിക്കാത്ത ബാത്ത് റൂമായിരുന്നു ഇതെങ്കിൽ ഇവിടെ ആളുകൾ എങ്ങനെയെത്തിയെന്നതിന് അധികൃതർക്ക് മറുപടി ഇല്ല.തലയോലപറമ്പ് സ്വദേശിയായ ബിന്ദു ( 52 ) ആണ് മരിച്ചത്.
കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. രണ്ടര മണിക്കറോളം മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ അത്യാഹിത വിഭാഗത്തിലേക്കു് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഒരു കാരണവശാലും ഡിസ്ചാർജ് അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പതിനാലാം വാര്‍ഡിന്റെ ബാത്ത് റൂമിൻ്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ 11 മണിയോടെ തകര്‍ന്ന് വീണത്. അപകടത്തിൽ അലീന എന്ന 11 കാരിക്കും അമൽ എന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്.വയനാട് സ്വദേശിയായ അലീന മുത്തശ്ശി ത്രേസ്യാമ്മയുടെ ഓപ്പറേഷന് വേണ്ടി എത്തിയതായിരുന്നു.
വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Advertisement