കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്നും കേസിലെ മുഖ്യപ്രതി നൗഷാദ്. നിലവിൽ വിദേശത്തുള്ള നൗഷാദ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. താൻ ഒളിച്ചോടിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് ഗൾഫിലേക്ക് വന്നതെന്നും തിരിച്ചെത്തിയാൽ പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വീഡിയോയിൽ പറഞ്ഞു.
താനും സുഹൃത്തുക്കളുമടക്കം 30-ഓളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നു. ഈ പണം തരാമെന്ന് പറഞ്ഞ് ഹേമചന്ദ്രൻ തങ്ങളെ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്നാൽ, പണം കിട്ടില്ലെന്ന് മനസിലായപ്പോൾ ഹേമചന്ദ്രനിൽനിന്ന് ഒരു കരാർ എഴുതി ഒപ്പിട്ടുവാങ്ങി അയാളെ വീട്ടിൽ കൊണ്ടുവിട്ടു. അയാളെ വീട്ടിൽ കൊണ്ടുവിട്ടതിന്റെ ലൊക്കേഷൻ തെളിവ് പോലീസിന്റെ കൈയിലുണ്ട്. എന്നാൽ, അതിനുപിന്നാലെ മൈസൂരുവിൽനിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രൻ തങ്ങളുടെ അടുത്തേക്ക് വന്നു. ഒരുദിവസം ബത്തേരിയിലെ വീട്ടിൽ കിടക്കാൻ അനുവാദം ചോദിച്ചു. അയാൾക്ക് ഭക്ഷണംവരെ താൻ വാങ്ങിനൽകി. അവിടെ കിടത്തി. എന്നാൽ, രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രൻ ആത്മഹത്യചെയ്തനിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി മനഃപൂർവം അയാൾ അങ്ങോട്ടുവന്നതായിരുന്നു. രാവിലെ ഇത് കണ്ടപ്പോൾ താൻ സുഹൃത്തിനോട് പറഞ്ഞു. കുഴിച്ചിടുകയല്ലാതെ മറ്റുവഴിയില്ലെന്ന് സുഹൃത്തും പറഞ്ഞു. അങ്ങനെ തങ്ങൾ മൂന്നുപേരും കൊണ്ടുപോയി കുഴിച്ചിട്ടെന്നും നൗഷാദ് പറഞ്ഞു.
ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് നൗഷാദ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണ്. എന്നാൽ, ഹേമചന്ദ്രനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്. അയാൾ ആത്മഹത്യചെയ്തതാണ്. അതിനാൽ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറല്ല. നല്ല സൗമ്യമായരീതിയിൽ പൈസ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. ഹേമചന്ദ്രനുമായി അത്രയും നല്ല സുഹൃദ്ബന്ധമായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
അതേസമയം, വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്കിൽ മറ്റൊരു കുറിപ്പും കൂടി നൗഷാദ് പോസ്റ്റ് ചെയ്തു. ഗൾഫിൽവന്നത് വിസിറ്റിങ് വിസയിൽ അല്ലെന്നും ജോബ് വിസയിലാണെന്നും പോലീസുകാർ തന്നെ അങ്ങോട്ട് എത്തിക്കുന്ന സമയംകൊണ്ട് ജോലികഴിഞ്ഞ് അവിടെ തിരിച്ചെത്താനാകുമെന്നും ഇയാൾ കുറിപ്പിൽ പറഞ്ഞു. ഹേമചന്ദ്രന്റെ ശരീരത്തിലുള്ള മുറിവുകൾ തങ്ങൾ മർദിച്ചതല്ല. ഹേമചന്ദ്രൻ ചിട്ടിനടത്തിപ്പുകാരനല്ല, കള്ളപ്പണ ഇടപാടുകാരനാണെന്നും ഇയാൾ ആരോപിച്ചു. ഇങ്ങനെ ചെയ്താൽ മതിയെന്ന ഐഡിയ പറഞ്ഞുതന്നത് അറസ്റ്റിലായ രണ്ടുപേരും അല്ല, നാലാമത്തെ ഒരാളാണെന്നും തന്റെ മൊബൈൽനമ്പർ ഓഫാക്കിവെച്ചിട്ടില്ലെന്നും നൗഷാദ് ഫെയ്സ്ബുക്കിൽ പറഞ്ഞു.
ഒന്നരവർഷം മുൻപ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഗൾഫിലുള്ള നൗഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് പറയുന്നത്.