2025 ജൂലൈ 02 ബുധൻ
BREAKING NEWS
ഹേമചന്ദ്രൻ്റെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് വിദേശത്തുള്ള പ്രതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
വിദേശത്ത് നിന്ന് മടങ്ങിവന്ന് പോലീസിൽ കീഴടങ്ങുമെന്നും പ്രതി പട്ടികയിലുള്ള നൗഷാദ്
ശബരിമല വിമാനത്താവളം: ഡിജിറ്റൽ സർവ്വേ നടപടികൾ ഇന്ന് മുതൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതികൾ രൂക്ഷമായി തുടരുന്നു
ഡാർക്ക് നെറ്റ് വഴിയുള്ള ലഹരിവില്പന. പ്രതിയെ സഹായിച്ചവർക്കായുള്ള തിരച്ചിൽ തുടങ്ങി.
ഭാരതാംബ വിവാദം അടിയന്തിര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് അംഗങ്ങൾ

കേരളീയം
ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 2 മുതല്‍ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി കേരളാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ട്യൂഷന്‍ ക്ലാസില്‍ വെച്ച് കുട്ടിയെക്കൊണ്ട് കാലുകള്‍ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളേജ് ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ എബ്രഹാം അലക്സാണ്ടര്‍(62)ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.
കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ്ങില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്.

ദേശീയം
അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു ഇന്ന് തുടക്കം. 10 വര്‍ഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ യാത്രക്കാണ് ഇന്ന് തുടക്കമാകുക. 8 ദിവസത്തെ സന്ദര്‍ശനത്തിനായ് പുറപ്പെടുന്ന പ്രധാനമന്ത്രി ഇന്ന് ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും.
നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയില്‍ വണ്‍ ആപ്പ് റെയില്‍വേ പുറത്തിറക്കി. വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും.

മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര നിയമസഭയിലാണ് സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ അമേരിക്കയിലും യുകെയിലും നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ദില്ലിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധുര സ്വദേശിയായ യുവതിയുടെ കാറില്‍ നിന്ന് 9.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന കേസില്‍ കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട ശിവഗംഗക്കടുത്തുള്ള മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരന്‍ ബി.അജിത് കുമാറിന്റെ (27) അമ്മയോട് മാപ്പ് ചോദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
മധ്യപ്രദേശില്‍ കാമുകിയെ കഴുത്തറത്ത് കൊന്ന് കാമുകന്റെ കൊടുംക്രൂരത. നഴ്സിംഗ് വിദ്യാര്‍ത്ഥിയായ കാമുകിയെ ആശുപത്രി പരിസരത്ത് എല്ലാവരും നോക്കിനില്‍ക്കെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ സന്ധ്യ ചൗധരിയാണ് കൊലപ്പെട്ടത്.

റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചാര്‍ജ് വര്‍ധിച്ചത്. എസി കോച്ചുകളില്‍ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോണ്‍-എ സി സ്ലീപ്പര്‍, ജനറല്‍ കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വര്‍ധിച്ചത്.
തൊഴിലവസരങ്ങള്‍ കൂട്ടാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 99,446 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അന്‍പതിന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 5 പേരെയെങ്കിലും നിയമിച്ചാലേ ധനസഹായം കിട്ടുകയുള്ളൂ.

കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാവില്ല. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല.
സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമഢി ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ ‘പുനൗര ധാം ജാനകി മന്ദിറിന്റെ’ വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍.
ഒരു വ്യക്തിയോട് ഇഷ്ടമാണ് എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചു . 2015ല്‍ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസില്‍ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്കള്‍ക്ക് വീണ്ടും അവസരമൊരുക്കി ദില്ലി സര്‍വകലാശാല. മെയ് 13,14,15 തീയതികളിലായി നടന്ന പരീക്ഷകള്‍ എഴുതാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
അന്തർദേശീയം
തടവിലുള്ള സാധാരണക്കാരുടെയും മത്സ്യതൊഴിലാളികളുടെയും വിവരങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൈമാറി. ഇന്ത്യക്കാരായ 193 മത്സ്യതൊഴിലാളികളും 53 മറ്റുള്ളവരും തടവിലുണ്ടെന്നാണ് പാകിസ്ഥാന്‍ നല്കിയ പട്ടിക.

ചൈന പാകിസ്ഥാന് 3.4 ബില്യണ്‍ ഡോളറിന്റെ വാണിജ്യ വായ്പ നല്‍കിയതായി റിപ്പോര്‍ട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ധനം 14 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ശനിയാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിര്‍ത്തിയായ ഗുലാംഖാന്‍ അടച്ചുപൂട്ടി പാകിസ്ഥാന്‍.

ഇസ്രയേലിനൊപ്പം ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതുമുതല്‍ അമേരിക്കക്കെതിരെ സ്വീകരിച്ച കടുത്ത നിലപാട് മയപ്പെടുത്തി ഇറാന്‍. അമേരിക്കയുമായി ഇനി ഒരു തരത്തിലുമുള്ള ചര്‍ച്ചക്കുമില്ലെന്നുമുള്ള നിലപാടിലാണ് ഇറാന്‍ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്.
യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

റഷ്യ – അസര്‍ബൈജാന്‍ തര്‍ക്കം രൂക്ഷം. കൊടുംകുറ്റവാളികളെന്ന് ആരോപിച്ച് അസര്‍ബൈജാനില്‍ നിന്നുള്ളവരെ റഷ്യയില്‍ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് റഷ്യന്‍ സാംസ്‌കാരിക പരിപാടികള്‍ അസര്‍ബൈജാന്‍ റദ്ദാക്കി.
സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് സെനറ്റിന്റെ അംഗീകാരം.

കായികം 
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്.