കോഴിക്കോട്. ലൈസൻസ് ഇല്ലാത്ത തോക്കുമായി കോഴിക്കോട് കക്കാടംപൊയിലിൽ നായാട്ടു സംഘം പിടിയിൽ. അരീക്കോട് കൊടുമ്പുഴ ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ രണ്ടുപേരെ വനം വകുപ്പ് പിടികൂടിയത്.
അരീക്കോട് കൊടുമ്പുഴ ഭാഗത്ത് ആന ഇറങ്ങുന്ന മേഖലകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് വെടിയൊച്ച കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിയിലായി. പെരിന്തൽമണ്ണ – കൊളത്തൂർ സ്വദേശി മുഹമ്മദാലി, സുഹൃത്ത് ഹംസ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ലൈസൻസില്ലാത്ത തോക്ക്, തിര, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ എന്നിവ കണ്ടെടുത്തു. മാനിനെ വേട്ടയാടാൻ ശ്രമിച്ചതിനാണ് കേസ്. പ്രദേശവാസിയുടെ സഹായത്തോടെയാണ് പ്രതികൾ വേട്ടയ്ക്കെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്.