തിരുവല്ല: സാധ്യതകളുടെ കൂമ്പാരമാണ് എക്യുമെനിസമെന്ന് തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആസ്ഥാനമന്ദിരമായ ഡോ. ജോസഫ് മാർത്തോമാ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു.
ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഡോ.ജോസഫ് മാർത്തോമാ അനുസ്മരണ പ്രഭാഷണം നടത്തി. വിശാല എക്യുമെനിസത്തിന്റെ സമകാലിക മാതൃകയാണ് ജോസഫ് മാർത്തോമ എന്നും നവീകരണവും പാരമ്പര്യവും ഒരുപോലെ കൂട്ടിയിണക്കിയ പിതാവ് എന്നതിലുപരി സംഘർഷഭരിതമായ കാലഘട്ടത്തിൽ മണിപ്പൂരിലും ശ്രീലങ്കയിലും ഉൾപ്പെടെ അനുരഞ്ജനത്തിന്റെ പാലം പണിത മഹാത്മാവാണ് അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.
സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മോറോൻ മോർ സാമുവേൽ തെയോ ഫിലോസ് മെത്രാപ്പോലീത്ത, ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് സുന്ദർ സിംഗ്, മേജർ ബാബു പി പൗലോസ്, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ റവ. ഡോ. ടി ഐ ജെയിംസ് എന്നിവർ പ്രസംഗിച്ചു.