മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് അഞ്ചംഗ സംഘം; നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍

475
Advertisement

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അഞ്ചംഗ സംഘം പിന്തുടര്‍ന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിച്ച ഇവരെ പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്.

കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലന്‍സിന് പിന്നാലെയാണ് ഇവര്‍ സഞ്ചരിച്ചത്. കറുത്ത നിറത്തിലുള്ള ഇസുസു കാറിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. വാഹനത്തില്‍ നിന്നും വാക്കി ടോക്കിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരെയും സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെയാണുള്ളത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Advertisement